വെള്ളനാട് ചാങ്ങ കലുങ്ക് ജംഗ്ഷനിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ മൂന്നു കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. കൊണ്ണിയൂർ സിയോൺ വിളയിൽ സുജിത്ത് (21), കൊണ്ണിയൂർ പച്ചക്കാട് അശ്വതി ഭവനിൽ ആനന്ദ് (26) എന്നിവരാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
പ്രതികൾ സഞ്ചരിച്ചിരുന്ന ഡ്യൂക്ക് ബൈക്കും എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. വലിയ അളവിൽ കഞ്ചാവ് വാങ്ങി ചെറിയ പൊതികളാക്കി ബൈക്കിൽ സഞ്ചരിച്ച് ആവശ്യക്കാരെ സമീപിച്ച് വിൽപന നടത്തുന്നതായിരുന്നു ഇവരുടെ രീതി. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടവരാണ് ആവശ്യം അനുസരിച്ചു പ്ര തികൾക്ക് കഞ്ചാവ് എത്തിച്ചിരുന്നതെന്നാണ് പ്ര തികളിൽനിന്നു ലഭിച്ച പ്രാഥമിക വിവരം.
ഒന്നാം പ്രതിയായ സുജിത്ത് നേരത്തെയും മയക്കുമരുന്ന് കേസിൽ പ്രതിയായിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. കഞ്ചാവിന്റെ ഉറവിടവും വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്. പ്രതികളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുജിത്തിൻ്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത് വിശദമായ പരിശോധന നടത്തുമെന്ന് എക്സൈസ് അറിയിച്ചു.
ആര്യനാട് എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ എസ്. കുമാറിൻ്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പി.ആർ. രഞ്ജിത്ത്, എസ്. ജയശങ്കർ, പ്രിവന്റീവ് ഓഫീസർമാരായ എ. ശ്രീകുമാർ, എം.പി. ശ്രീകാന്ത്, ലിജി ശിവരാജ്, ജെ. മഞ്ജുഷ, എ. നിഷാന്ത്, അഖിൽ എന്നിവർ അടങ്ങുന്ന സംഘമാണ് ഓപ്പറേഷൻ നടത്തിയത്.


