ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാനുള്ള തങ്ങളുടെ പ്രതിബദ്ധത ഉറപ്പാക്കി, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, അവരുടെ പ്രധാന വിദ്യാഭ്യാസ പദ്ധതിയായ ഗോടെക് (Global Opportunities Through English Communication) ന്റെ കീഴിൽ 78 സർക്കാർ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കായുള്ള സംസ്ഥാനത്തെ ആദ്യത്തെ മാതൃകാ ഐക്യരാഷ്ട്രസഭ (എം യു എൻ) ആതിഥേയത്വം വഹിച്ചു.

ജില്ലാ പഞ്ചായത്തിന്റെ അധികാരപരിധിയിലുള്ള സർക്കാർ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കിടയിൽ ഇംഗ്ലീഷ് ആശയവിനിമയവും കരിയർ ഗൈഡൻസും ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ഗോടെക്. വിദ്യാർഥികളിൽ ആത്മവിശ്വാസവും നല്ല ആശയവിനിമയ വൈദഗ്ധ്യവും വളർത്തുന്നതിൽ പദ്ധതി വൻ വിജയമായി. 5200 വിദ്യാർത്ഥികളാണ് കഴിഞ്ഞ രണ്ട് വർഷങ്ങളായി ഈ പദ്ധതിയുടെ ഗുണഭോക്താക്കളായത്. ഗോടെക് എം യു എൻ -ൻ്റെ സമാരംഭത്തോടെ, പദ്ധതി ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്.ഇത് വിദ്യാർത്ഥികൾക്ക് നയതന്ത്രത്തിനും സംവാദത്തിനും ആഗോള പൗരത്വം വളർത്തുന്നതിനും ഒരു വേദി നൽകുന്നു.
വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകളും നൈപുണ്യവും കണ്ടെത്താനുള്ള അവസരം നൽകിക്കൊണ്ട് എല്ലാ വർഷവും ഗോടെക് എം യു എൻ സംഘടിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു.

പൊതു വിദ്യാഭ്യാസ മേധാവി എൻ. എസ്. കെ. ഉമേഷ് ഐ എ എസ് മുഖ്യ അഥിതിയായി പങ്കെടുത്ത് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. സംവേദനക്ഷമതയുടെ ഈ കാലഘട്ടത്തിൽ ഇത്തരം പ്രവർത്തനങ്ങൾ പുതിയ തലമുറയെ ഏറ്റവും ആർജ്ജവമുള്ളതാക്കി മാറ്റുമെന്നും സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് മറ്റൊരു തലത്തിലേക്കുള്ള ഒരു ചുവടുവെപ്പാണ് ഈ മാതൃക യു എൻ നൽകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
എ. ഡി. ജി. പി. പി. വിജയൻ ഐപിഎസ് മുഖ്യ പ്രഭാഷണം നടത്തി. ഇംഗ്ലീഷ് ഭാഷാ നൈപുണ്യം നേടുന്നതോടെ വിദ്യാർത്ഥികൾക്ക് അന്തർദ്ദേശീയ തലത്തിൽ നിരവധി സാധ്യതയാണ് തുറക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മാത്രമല്ല വ്യത്യസ്ത വിഷയങ്ങളിൽ അവഗാഹവും അത് സംവേദനം ചെയ്യാനുള്ള കഴിവും ഡിജിറ്റൽ സാക്ഷരതയുടെ മികവും കാലഘട്ടത്തിൻറെ ഏറ്റവും അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു.
കവലയൂർ ഗവ. ഹൈസകൂളിലെ കുമാരി ഫാത്തിമ നിയാസ് ആണ് സഭയുടെ സെക്രട്ടറി ജനറൽ ആയി തിരഞ്ഞെടുക്കപ്പെട്ടത്. മാതൃക ഐക്യ രാഷ്ട്ര സഭാ എക്സ്പെർട്ടും പി. ജി. വിദ്യാർഥിയുമായ കൃഷ്ണ കുമാർ അറോറയാണ് സഭയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ഉപാധ്യക്ഷയായി തൊളിക്കോട് ഗവ. ഹൈസ്‌കൂളിലെ കുമാരി. ഫാത്തിമ. എസ് സഭ നിയന്ത്രിച്ചു.
പ്രവർത്തന റിപ്പോർട് ക്രോഡീകരിച്ചത് മലയിൻകീഴ് സ്‌കൂളിലെ കുമാരി ഗോപിക ബി.എസ്.ആണ്. അന്താരാഷ്ട്ര മാധ്യമ മേധാവികളായി പള്ളിക്കൽ ഗവ. ഹൈസ്‌കൂളിലെ അമൽ സജാദും വെള്ളനാട് ഗവ.വോക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ കുമാരി. പ്രാർത്ഥന.എസ്. നാഥും മികച്ച പ്രവർത്തനം കാഴ്ച വച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാർ മാതൃക ഐക്യരാഷ്ട്ര സഭയുടെ ഉൽഘാടനം നിർവ്വഹിച്ചു. ഗോട്ടക്ക് പദ്ധതിയുടെ മുഖ്യ ഉപദേശകനായ ഡോ.മനോജ് ചന്ദ്രസേനൻ ആമുഖ പ്രഭാഷണം നടത്തി.
തിരുവനന്തപുരം വിദ്യാഭ്യാസ ഉപ ഡയറക്ടർ ശ്രീജ ഗോപിനാഥ്, വൈസ്. പ്രസിഡന്റ്. അഡ്വ. ഷൈലജ ബീഗം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സലൂജ വി. ആർ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിദ്യാഭ്യാസ ചുമതലയുള്ള ജൂനിയർ സൂപ്രണ്ട് മഹേന്ദ്ര ദാസ്,ഗോടെക് പദ്ധതി കോർഡിനേറ്റർ അൻവർ കെ, ഡെപ്യൂട്ടി കോർഡിനേറ്റർ ആര്യ. വി. സത്യൻ, കോർ ടീം അംഗങ്ങളായ കൃഷ്ണശ്രീ. ജി, രാജി. ജി. ആർ,
സ്നേഹ എസ്.ഡി, എന്നിവർ മാതൃക ഐക്യ രാഷ്ട്ര സഭയുടെ വിവിധ ചുമതലകൾ ഏകോപിപ്പിച്ചു.
 
								 
															 
								 
								 
															 
															 
				

