പൂവച്ചൽ : കൂട്ടുകാരോടൊപ്പം ഫുട്ബോള്‍ കളിക്കവേ പന്ത് നെയ്യാറില്‍ വീണതിനെ തുടര്‍ന്ന് അത് എടുത്ത് കൊണ്ടുവരാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി ദാരുണമായി മുങ്ങിമരിച്ചു. പൂവച്ചല്‍ ചായ്ക്കുളം അരുവിക്കോണം പുളിമൂട് വീട്ടില്‍ ഷാജിയുടേയും ആശയുടേയും മകന്‍ ആഷ്‌വിന്‍ ഷാജി (15)യാണ് മരിച്ചത്. കാട്ടാക്കട പ്ലാവൂര്‍ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആഷ്‌വിന്‍.
നെയ്യാറിലെ ചായ്ക്കുളം മൂഴിക്കല്‍ കടവിലാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു ദുരന്തം. കൂട്ടുകാരോടൊപ്പം ഫുട്ബോള്‍ കളിക്കുന്നതിനിടെ പന്ത് നദിയിലേയ്ക്ക് വീണതിനെ തുടര്‍ന്ന് ആഷ്‌വിന്‍ പന്ത് എടുത്ത് കൊണ്ടുവരാനിറങ്ങി. ആറ്റിലെ ആഴം കൂടുതലായ ഭാഗത്ത് കാല്‍ തെന്നിമാറി മുങ്ങുകയായിരുന്നു.
വിവരം അറിഞ്ഞ ഉടനെ നാട്ടുകാർ, അഗ്നിരക്ഷാസേന, പൊലീസ് എന്നിവർ സ്ഥലത്തെത്തി വ്യാപകമായ തിരച്ചില്‍ നടത്തി. പിന്നീട് കുട്ടിയെ കണ്ടെത്തി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ മാറ്റി. സഹോദരി: ആഷ്മിൻ ഷാജി.


