നെടുമങ്ങാടും പരിസരത്തും നിരോധിത പുകയില ഉല്‍പ്പനങ്ങളും വിദേശമദ്യവും അനധികൃതമായി വില്‍പ്പന നടത്തിയ ആള് എക്സൈസ് പിടിയില്‍.
പുലിപ്പാറ ആലങ്കോട് അനന്ദ ഭവനത്തില്‍ അനന്തകുമാർ (48) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും 28 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും, മദ്യം സൂക്ഷിച്ച് വില്പന നടത്താൻ ഉപയോഗിച്ച ഇലക്ട്രിക് സ്കൂട്ടറും പിടിച്ചെടുത്തു.
കൂടാതെ, വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഒരു ലക്ഷം രൂപ വില വരുന്ന പാൻ മസാലയും മദ്യവില്പനയിലൂടെ ലഭിച്ച 65000 രൂപയും പിടികൂടി. നെടുമങ്ങാട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ മദ്യം ഉള്‍പ്പെടെ ലഹരി പദാർത്ഥങ്ങള്‍ വൻ തോതില്‍ വില്‍പ്പന നടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു പരിശോധന.
നെടുമങ്ങാട് എക്സൈസ് സി.ഐ. കെ.ആർ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടന്ന റെയിഡില്‍ ആണ് ചില്ലറ വില്‍പ്പന നടത്തിയിരുന്ന ഇയാളെ പിടികൂടാനായത്. അറസ്റ്റ് ചെയ്ത പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
								
															
								
								
															
				

