വർക്കല: വർക്കലയില്‍ ട്രെയിനില്‍ നിന്ന് ചവിട്ടി താഴെയിട്ട പത്തൊൻപതുകാരിക്ക് ഗുരുതര പരിക്കുകൾ.പേയാട് സ്വദേശിനി ശ്രീക്കുട്ടി (19)യാണ് തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.
തിരുവനന്തപുരത്തേക്കു വരുകയായിരുന്ന കേരള എക്‌സ്പ്രസിലെ ജനറല്‍ കമ്ബാര്‍ട്ട്‌മെന്‍റില്‍ വര്‍ക്കല അയന്തിക്കു സമീപത്തുവെച്ച് ഞായറാഴ്ച രാത്രി 8.45-ഓടെയായിരുന്നു പെണ്‍കുട്ടിയെ പ്രതി സുരേഷ് കുമാർ ചവിട്ടി തള്ളിയിട്ടത്.
അപകടത്തിന് പിന്നാലെ കാഴ്ചക്കാർ അപായ ചങ്ങല വലിക്കുകയായിരുന്നു. തുടർന്ന് റെയില്‍വേ പൊലീസ് എത്തി പരുക്കേറ്റ ശ്രീക്കുട്ടിയെ കൊല്ലത്തെത്തിച്ച് മെമുവില്‍ വര്‍ക്കല റെയില്‍വേ സ്റ്റേഷനിലെത്തിച്ചു. ഇവിടെനിന്ന് ആംബുലന്‍സില്‍ ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. ആക്രമിയെ യാത്രക്കാർ തടഞ്ഞു വയ്ക്കുകയും കൊച്ചുവേളിയില്‍ വച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ആംബുലൻസിന് കടന്നു വരാൻ വഴിയില്ലാത്ത കാടുമൂടിയ വിജനമായ സ്ഥലത്തായിരുന്നു സംഭവം. മെമു ട്രെയില്‍ എത്തിയതു കൊണ്ടു മാത്രമാണ് പെണ്‍കുട്ടിയെ കൃത്യസമയത്ത് ആശുപത്രിയില്‍ കൊണ്ടു പോകാൻ കഴിഞ്ഞത്.
“മകള്‍ ഇപ്പോള്‍ പാതി ശവത്തെപോലെ ആണ് കിടക്കുന്നത്. മകള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കണം. ഞങ്ങള്‍ക്ക് ആരുമില്ല ചോദിക്കാൻ. 20 മുറിവ് ദേഹത്ത് ഉണ്ടെന്ന് ഡോക്ടർമാർ പറയുന്നു. ഇൻ്റേണല്‍ ബ്ലീഡിങ്ങും ഉണ്ട്. എംആർഐ സ്കാൻ പോലും ഉച്ചയ്ക്ക് ശേഷം ചെയ്യാമെന്ന് ആണ് പറയുന്നത്. ന്യൂസ് കാണുമ്ബോള്‍ ആണ് ഞാൻ കാര്യം അറിയുന്നത്. തെറ്റ് കണ്ടാല്‍ എതിർത്ത് സംസാരിക്കുന്ന ആളാണ് മകള്‍. എൻ്റെ കുട്ടിക്ക് നീതി ലഭിക്കണം. സർക്കാർ അടിയന്തരമായി ഇടപെടണം”, പെണ്‍കുട്ടിയുടെ അമ്മ പ്രിയദർശിനി പറഞ്ഞു.
20 മുറിവ് ദേഹത്ത് ഉണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്. തലയില്‍ ആഴത്തിലുള്ള രണ്ട് മുറിവുകള്‍ ഉണ്ട്. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ ശ്വാസം എടുക്കുന്നുണ്ട്. മൂക്കിലൂടെ ചോര വരുന്നുണ്ടെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. രണ്ടുപേരെയാണ് പ്രതി ഉപദ്രവിക്കാൻ നോക്കിയത്. ട്രെയിനില്‍ എന്ത് സുരക്ഷയാണ് പെണ്‍കുട്ടികള്‍ക്കുള്ളതെന്നും പ്രിയദർശിനി ചോദിച്ചു.
അതേ സമയം സംഭവത്തില്‍ പിടിയിലായ പ്രതി കുറ്റം സമ്മതിച്ചിട്ടില്ല.താൻ പെണ്‍കുട്ടിയെ ആക്രമിച്ചിട്ടില്ലെന്നും അതേതെങ്കിലും ബംഗാളിയാവുമെന്നുമാണ് പ്രതികരണം. ഇതൊക്കെ പെണ്‍കുട്ടിയുടെ ചുമ്മാ നമ്പർ ആണെന്ന് പറഞ്ഞ പ്രതിയോട് മദ്യപിച്ചിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്നും മറുപടി നല്‍കിയതായി പൊലീസ് പറയുന്നു. നിലവില്‍ കസ്റ്റഡിയിലുള്ള പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
ശ്രീക്കുട്ടിയെ തള്ളിയിട്ട പ്രതി സുരേഷ് കുമാറിനെ സാക്ഷികള്‍ തിരിച്ചറിഞ്ഞു. സഹയാത്രികരായിരുന്ന 2 പേരാണ് തിരിച്ചറിഞ്ഞത്. പെണ്‍കുട്ടിയുടെ സുഹൃത്തിനെ ആക്രമിക്കുന്നത് കണ്ടെന്നാണ് ഇവരുടെ മൊഴി. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്കൊപ്പം യാത്ര ചെയ്ത പെണ്‍കുട്ടി ഇന്നലെ തന്നെ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. കൂടാതെ മറ്റ് ചില സാക്ഷികള്‍ കൂടി ഇപ്പോള്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ജനറല്‍ കംപാർട്ട്മെന്റിലുണ്ടായിരുന്ന രണ്ട് പുരുഷൻമാരാണ് പ്രതിയെ തിരിച്ചറിഞ്ഞെന്ന് മൊഴി നല്‍കിയിരിക്കുന്നത്. ഇവർ തമ്ബാനൂരുള്ള കേരള റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ എത്തുകയും ഈ പ്രതിയെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയെ തള്ളിയിട്ടതിന് ശേഷം ഒപ്പമുണ്ടായിരുന്ന കുട്ടിയുമായി ബലപ്രയോഗം നടത്തുന്നത് കണ്ടതായി സാക്ഷികള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ബോഗിയിലുണ്ടായിരുന്ന മറ്റ് ആളുകളെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.


