എസ് സി, എസ് ടി വിഭാഗത്തിലെ കുഞ്ഞുങ്ങളുടെ പഠന മികവിനോടൊപ്പം ശാരീരികവും മാനസികവുമായ മികവ് ഉയർത്തിക്കൊണ്ടുവരുമെന്ന് പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രി ഒ.ആർ. കേളു. തോന്നയ്ക്കൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിന്റെ പ്രവേശനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികൾക്ക് കായിക പരിശീലനത്തിനുള്ള ഗ്രൗണ്ട് ഉടൻ തന്നെ സ്കൂളിൽ സജ്ജമാക്കുമെന്നും പഴവർഗ്ഗങ്ങൾ, മാംസാഹാരം തുടങ്ങിയ പോഷക സംമ്പുഷ്ടമായ ആഹാരം കുട്ടികൾക്ക് ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. സ്കൂളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും ക്ലാസ് മുറികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
ഇംഗ്ലീഷ് മീഡിയം സിലബസിലാണ് ഇവിടെ ക്ലാസുകൾ നടത്തുക. അഞ്ചാം ക്ലാസിലാണ് ഇപ്പോൾ പ്രവേശനം നടത്തിയിരിക്കുന്നത്. ഭക്ഷണം, വസ്ത്രം, താമസം, പാഠപുസ്തകങ്ങൾ, ട്യൂഷൻ, ആരോഗ്യ പരിരക്ഷ തുടങ്ങി എല്ലാ സൗകര്യങ്ങളും വിദ്യാർത്ഥികൾക്ക് സർക്കാർ സൗജ്യന്യമായി നൽകും. തോന്നയ്ക്കൽ സ്കൂളിൽ ഒഴിവുള്ള പൊതുവിഭാഗം സീറ്റുകളിലേക്കും ഇപ്പോൾ പ്രവേശനം നൽകും.
പ്ലസ് ടു വരെ എല്ലാ സൗകര്യങ്ങളോടും കൂടി വിദ്യാർത്ഥികൾക്ക് ഈ സ്കൂളിൽ പഠിക്കാനാകും. ഇവിടേക്കുള്ള അധ്യാപക- അനധ്യാപക തസ്തികകളിൽ നിയമനം പൂർത്തിയായി. സ്മാർട്ട് ക്ലാസ്മുറികൾ, ലാംഗ്വേജ് ലാബ്, മികച്ച പഠനാന്തരീക്ഷം തുടങ്ങിയവ എംആർഎസിൻ്റെ പ്രത്യേകതയാണ്.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വി ശശി എം.എൽ.എ അധ്യക്ഷത വഹിച്ചു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. ആർ. ഹരിപ്രസാദ്, പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ആർ. അനിൽ, മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുമ ഇടവിളാകം, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ഡി. ധർമ്മലശ്രീ, ജില്ലാ പട്ടികജാതി വികസന ഓഫീസർ സരിൻ ഐ. ആർ തുടങ്ങിയവർ പങ്കെടുത്തു.


