സംസ്ഥാനത്ത് നാലര വർഷത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ 6000 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു. നെടുമങ്ങാട് കെ. വി.എസ്.എം ഗവ. കോളേജിൽ പുതിയ ഹിസ്റ്ററി ബ്ലോക്കിൻ്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തെ നവവൈജ്ഞാനിക സമൂഹമാക്കി മാറ്റുന്നതിനായി പ്രവർത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് സർകാർ പ്രധാന പരിഗണനയാണ് നൽകിവരുന്നത്.
മികച്ച അക്കാദമിക് കോംപ്ലക്സുകളും, സൗകര്യപ്രദമായ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകളും ആധുനിക സൗകര്യങ്ങളുള്ള ലാബുകളും ലൈബ്രറികളും വിവിധ സർവകലാശാലകളിലും ക്യാമ്പസുകളിലും ഒരുക്കി. കിഫ്ബി പദ്ധതി വഴി 2000കോടിയിലധികം രൂപയുടെയും റൂസോ പദ്ധതിയുടെ 588 കോടിയുടെയും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായി മന്ത്രി അറിയിച്ചു.
സമഗ്രവും സമൂലവുമായ മാറ്റത്തിലേക്ക് ഈ മേഖലയെ നയിക്കാൻ പുതിയ കരിക്കുലം അവതരിപ്പിച്ചു. പ്രാരംഭ ഘട്ടത്തിൽ തന്നെ തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള സ്‌കിൽ അന്തരം ഇല്ലാതാക്കി വിദ്യാർത്ഥികളിൽ തൊഴിൽ ആഭിമുഖ്യം വളർത്താനും സംരംഭകത്വ താല്പര്യം പ്രോത്സാഹിപ്പിക്കാനുമുള്ള സാധ്യത വർധിപ്പിക്കുന്നു.
പഠനത്തിൽ മികവ് പുലർത്തുന്ന സാമ്പത്തികവും സാമൂഹ്യവുമായി പിന്നിൽ നിൽക്കുന്ന വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്കാരം കഴിഞ്ഞ മൂന്ന് വർഷമായി നൽകി വരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ 10 വർഷക്കാലം ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ പദ്ധതികൾക്ക് വലിയ പരിഗണന നൽകിയെന്നും കോളേജിൽ ഈ കാലയളവിൽ 20 കോടി 27 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. കോളേജിൽ കളിസ്ഥലം നിർമ്മിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
സർക്കാരിൻ്റെ പദ്ധതി വിഹിതത്തിൽ നിന്ന് 2.67 കോടിയും റൂസ ഫണ്ടിൽ നിന്ന് 70 ലക്ഷവും ചെലവഴിച്ചാണ് പുതിയ ഹിസ്റ്ററി ബ്ലോക്കിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്. 685.84 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നിർമിച്ച ബഹുനില മന്ദിരത്തിൽ ഏഴ് ക്ലാസ്മുറികളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ടോയ്‌ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിനായിരുന്നു നിർമ്മാണ ചുമതല.
നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ് ശ്രീജ, വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ, വാർഡ് കൗൺസിലർ അജിത.എസ്, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജോയി.വി.എസ്, സർവകലാശാല സിൻഡിക്കേറ്റ് അംഗം ജെ.എസ്.ഷിജു ഖാൻ, കോളേജ് പ്രിൻസിപ്പാൾ ഷീലാകുമാരി.എൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


