മാറനല്ലൂർ: മത്സരരംഗത്ത് ഉഷാറാണ് മാറനല്ലൂർ പഞ്ചായത്തിലെ ഈ ദമ്പതിമാർ. മാറനല്ലൂർ മുടന്തിക്കര സനിഗാ സദനത്തിൽ എസ്.സനൽകുമാറും ഭാര്യ കെ.എസ്. ഡീനകുമാരിയുമാണ് മത്സരിക്കുന്നത്.
ഡീനകുമാരി നിലവിൽ മാറനല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആണ്. എസ്. സനൽകുമാർ സിപിഐ മാറനല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ്. ഡീനകുമാരി മൂന്നാം തവണയാണ് മാറനല്ലൂരിൽനിന്ന് ജനവിധി തേടുന്നത്. പഞ്ചായത്തിലെ ഓഫീസ് വാർഡിൽ കഴിഞ്ഞ രണ്ടു തവണയായി ഡീന മത്സരിക്കുന്നു.
രണ്ടുതവണയും ഇരുനൂറിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഡീനകുമാരി ഇപ്പോൾ മാറനല്ലൂർ മേലാരിയോട് ബ്ലോക്ക് ഡിവിഷനിലേക്കാണ് മത്സരിക്കുന്നത്. സനൽകുമാർ ഡീന കുമാരി മത്സരിച്ചിരുന്ന മാറനല്ലൂർ ഓഫീസ് വാർഡിലാണ് ജനവിധി തേടുന്നത്.


