വോട്ടർമാർ വോട്ടിങ് നടപടിക്രമങ്ങൾ കൃത്യമായി പാലിക്കണം

Attingal vartha_20251209_074328_0000

വോട്ടർമാർ വോട്ടിങ് നടപടിക്രമങ്ങൾ കൃത്യമായി പാലിച്ച് വോട്ടവകാശം വിനിയോഗിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അഭ്യർത്ഥിച്ചു.

വോട്ടർ പോളിംഗ് ബൂത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ അവരുടെ തിരിച്ചറിയൽ രേഖയും വോട്ടർപട്ടികയിലെ പേരും വിവരങ്ങളും പോളിംഗ് ഉദ്യോഗസ്ഥൻ പരിശോധിക്കും. തുടർന്ന് രണ്ടാമത്തെ പോളിംഗ് ഓഫീസറുടെ അടുത്ത് ചെല്ലുമ്പോൾ വോട്ടറുടെ കൈവിരലിൽ മഷി പുരട്ടി, വോട്ട് രജിസ്റ്ററിൽ ഒപ്പോ വിരലടയാളമോ രേഖപ്പെടുത്തി വോട്ടിങ് സ്ലിപ്പ് നൽകും. സ്ലിപ്പുമായി വോട്ടിംഗ് യന്ത്രത്തിന്റെ ചുമതലയുള്ള ഓഫീസറുടെ മുൻപിലെത്തി സ്ലിപ്പ് ഏൽപ്പിക്കണം.

ഉദ്യോഗസ്ഥൻ കൺട്രോൾ യൂണിറ്റിലെ ബട്ടൺ അമർത്തി ബാലറ്റ് യൂണിറ്റുകൾ വോട്ടിംഗിന് സജ്ജമാക്കും. തുടർന്ന് സമ്മതിദായകൻ വോട്ടിങ് കമ്പാർട്ട്‌മെന്റിലേക്ക് നീങ്ങണം. ബാലറ്റ് യൂണിറ്റിൽ ഏറ്റവും മുകളിൽ ഇടതുഭാഗത്തായി പച്ചനിറത്തിലുള്ള ഓരോ ചെറിയ ലൈറ്റ് തെളിഞ്ഞു നിൽക്കുന്നതു കാണാനാകും. ഇത് ബാലറ്റ് യൂണിറ്റുകൾ വോട്ടു രേഖപ്പെടുത്താൻ തയാറാണെന്ന് സൂചിപ്പിക്കുന്നു. സ്ഥാനാർത്ഥിയുടെ ചിഹ്നത്തിനു നേരെയുള്ള ബട്ടണിൽ വിരൽ അമർത്തിയാൽ ദീർഘമായ ബീപ് ശബ്ദം കേൾക്കുകയും വോട്ട് രേഖപ്പെടുത്തൽ പൂർണ്ണമാവുകയും ചെയ്യും. ശേഷം വോട്ടർക്ക് മടങ്ങാവുന്നതാണ്.

കോർപ്പറേഷൻ, മുൻസിപ്പാലിറ്റി എന്നിവിടങ്ങളിലെ വോട്ടർ ഒരു വോട്ടുമാത്രം ചെയ്താൽ മതി. ത്രിതല പഞ്ചായത്തിൽ ഒരു വോട്ടർ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് തലങ്ങളിലേയ്ക്ക് ഓരോ വോട്ട് വീതം ആകെ മൂന്ന് വോട്ടുകൾ രേഖപ്പെടുത്തണം. വോട്ടിംഗ് കംപാർട്ട്‌മെന്റിലെ മൂന്ന് ബാലറ്റ് യൂണിറ്റുകൾ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ആദ്യത്തെ ബാലറ്റ് യൂണിറ്റിൽ ഗ്രാമപഞ്ചായത്തിലെ സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും അടങ്ങുന്ന വെള്ളനിറത്തിലുള്ള ലേബലും, രണ്ടാമത്തെ ബ്ലോക്ക് തലത്തിലേക്കുള്ള ബാലറ്റ് യൂണിറ്റിൽ പിങ്ക് നിറത്തിലുള്ള ലേബലും ജില്ലാ തലത്തിലേക്കുള്ള ബാലറ്റ് യൂണിറ്റിൽ ഇളംനീല നിറത്തിലുള്ള ലേബലുമാണ്  പതിച്ചിരിക്കുന്നത്. ഇത്തരത്തിൽ മൂന്ന് തലത്തിലേക്കുമുള്ള ബാലറ്റ് യൂണിറ്റുകളിലും ക്രമമായി വോട്ട് രേഖപ്പെടുത്തിക്കഴിയുമ്പോൾ ഒരു നീണ്ട ബീപ് ശബ്ദം കേട്ട് വോട്ട് രേഖപ്പെടുത്തൽ പൂർണമാകും.

ഏതെങ്കിലും ഒന്നോ അതിലധികമോ തലത്തിലെ ബാലറ്റ് യൂണിറ്റിൽ വോട്ട് രേഖപ്പെടുത്താൻ താത്പര്യമില്ലാത്തപക്ഷം താത്പര്യമുള്ള തലത്തിലെ വോട്ട് രേഖപ്പെടുത്തിയശേഷം അവസാനത്തെ ബാലറ്റ് യൂണിറ്റിലെ അവസാന ബട്ടൺ (END ബട്ടൺ, ഇത് ചുവപ്പ് നിറത്തിലുള്ളതാണ്) അമർത്തി വോട്ടിംഗ് പൂർത്തിയാക്കാം. വോട്ട് രേഖപ്പെടുത്തൽ പൂർണമാകുമ്പോൾ നീണ്ട ഒരു ബീപ് ശബ്ദം കേൾക്കാനാകും. മൂന്ന് തലത്തിലേയും വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ടെങ്കിൽ END ബട്ടൺ അമർത്തേണ്ട ആവശ്യമില്ല. END ബട്ടൺ അമർത്തിക്കഴിഞ്ഞാൽ ആ വോട്ടർക്ക് പിന്നീട് വോട്ട് ചെയ്യുവാനാകില്ല.

ഒരേ സമയം ഒന്നിൽ കൂടുതൽ ബട്ടൺ അമർത്തിയാലും ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുകയുള്ളൂ. അത് പോലെ ഒന്നിൽ കൂടുതൽ തവണ ഒരേ ബട്ടണിൽ അമർത്തിയാലും ഒരു വോട്ട് മാത്രമാണ് രേഖപ്പെടുത്തുക.

വോട്ട് ചെയ്യുന്നതിനുള്ള രഹസ്യസ്വഭാവം കാത്ത് സൂക്ഷിക്കാൻ ഓരോ വോട്ടറും ബാധ്യസ്ഥരാണ്. വോട്ടർമാർക്ക് എന്തെങ്കിലും സംശയമോ പ്രയാസമോ അനുഭവപ്പെടുന്നുവെങ്കിൽ പ്രിസൈഡിംഗ് ഓഫീസറുടെ സഹായം തേടാവുന്നതാണ്. വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാൽ അടുത്ത ആളിന് വോട്ട് ചെയ്യാനായി എത്രയും വേഗം വോട്ടിംഗ് കമ്പാർട്ട്‌മെൻറിൽ നിന്നും വോട്ടർ പുറത്തു കടക്കണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!