വെഞ്ഞാറമൂട്: സംസ്ഥാന പാതയിൽ വെഞ്ഞാറമൂട് യു.പി സ്കൂളിന് സമീപം കാർ നടപ്പാതയിലേക്കിടിച്ചു കയറി ദമ്പതികൾക്ക് പരിക്ക്. കോട്ടയം കുമരകം വിഷ്ണു ഭവനിൽ ഹരി (30), ഭാര്യ മാളു (23) എന്നിവർക്കാണ് പരിക്കുപറ്റിയത്. അഞ്ചു വയസുള്ള മകൾ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. രാവിലെ 4മണിക്കാണ് സംഭവം. കുമരകത്തു നിന്ന് തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു ഇവർ. കുറുകെ ചാടിയ നായയെ ഇടിക്കാതിരിക്കാൻ ശ്രമിക്കുമ്പോൾ കാർ നിയന്ത്രണം വിട്ട് നടപ്പാതയിൽ ഇടിച്ചുകയറുകയായിരുന്നുവെന്ന് കാറോടിച്ച ഹരി പൊലിസിനോട് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു.