തദ്ദേശ തിരഞ്ഞെടുപ്പിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വോട്ടെണ്ണൽ ഒരേസമയം ഒരു മേശയിൽ നടക്കും. ഒരേ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ കൺട്രോൾ യൂണിറ്റിലാണ് 3 ഫലങ്ങളും. ഗ്രാമപ്പഞ്ചായത്തിലെ ഒരു വാർഡിൽ ഉൾപ്പെടുന്ന മുഴുവൻ ബൂത്തുകളുടെയും വോട്ടെണ്ണൽ ഒരു മേശയിൽ കൗണ്ടിങ് സൂപ്പർവൈസറുടെ മേൽനോട്ടത്തിൽ നടക്കും. ഒന്നാം വാർഡ് മുതൽ എന്ന ക്രമത്തിൽ യൂണിറ്റുകൾ മേശയിൽ എത്തിക്കും.
ഉദാഹരണത്തിന് 2 ബൂത്തുകളാണ് ഒരു ഗ്രാമപ്പഞ്ചായത്ത് വാർഡിൽ ഉള്ളതെങ്കിൽ 2 കൺട്രോൾ യൂണിറ്റുകൾ മേശയിലേക്ക് എത്തും. യൂണിറ്റിലെ റിസൽറ്റ് ബട്ടൻ അമർത്തുമ്പോൾ ഓരോന്നിലെയും ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ സ്ഥാനാർഥികളുടെ ഫലങ്ങൾ പോസ്റ്റ് 1, പോസ്റ്റ് 2, പോസ്റ്റ് 3 എന്ന ക്രമത്തിൽ എഴുതിക്കാണിക്കും. ഇത് കൗണ്ടിങ് അസിസ്റ്റന്റുമാർ ടാബുലേഷൻ ഫോമിലും തുടർന്ന് കൗണ്ടിങ് സൂപ്പർവൈസർ ഫോം 24 എയിലും രേഖപ്പെടുത്തും. തുടർന്ന് അതേ ഹാളിലുള്ള ഗ്രാമപ്പഞ്ചായത്ത് വരണാധികാരിക്കു ഫലം കൈമാറും.
2 ബൂത്തുകളിലെ ഫലം രേഖപ്പെടുത്തി കഴിയുന്നതോടെ വാർഡിലെ വോട്ടെണ്ണൽ പൂർത്തിയാകും. ഈ വാർഡ് ഉൾപ്പെടുന്ന ബന്ധപ്പെട്ട ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ സ്ഥാനാർഥികൾക്കു കിട്ടിയ വോട്ട് ഇതേസമയം രേഖപ്പെടുത്തി നിശ്ചിത ഇടവേളകളിൽ അതിനു സമീപത്തെ ഹാളിലുള്ള ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്കു കൈമാറും
ജില്ലാ പഞ്ചായത്ത് വരണാധികാരികൾ കലക്ടർമാരായതിനാൽ അവർക്കും രേഖപ്പെടുത്തിയ ഫലം എത്തിക്കും. നഗരസഭകളിലും കോർപറേഷനുകളിലും ഒരു വോട്ട് മാത്രമായതിനാൽ ബൂത്ത് അടിസ്ഥാനത്തിൽ എണ്ണിത്തീരുന്നതിന് അനുസരിച്ച് വാർഡിലെ ഫലങ്ങൾ പുറത്തുവരും. ഓരോ ബൂത്തുകൾ എണ്ണിത്തീരുന്നത് അനുസരിച്ച് ഗ്രാമ, നഗരസഭ, കോർപറേഷൻ വാർഡുകളിലെ സ്ഥാനാർഥികളുടെ കൗണ്ടിങ് ഏജന്റുമാർ വോട്ടെണ്ണൽ ഹാളിൽനിന്നു പുറത്തു പോകും. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളുടെ ഏജന്റുമാർ ഒരു പഞ്ചായത്തിലെ വോട്ട് എണ്ണിത്തീരുന്നതു വരെ ഹാളിൽ തുടരും.


