ആര്യനാട്: ഉഴമലയ്ക്കൽ–ആര്യനാട് റോഡിൽ തോളൂർ പെട്രോൾ പമ്പിന് സമീപം ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതത്തൂണിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഐടിഐ വിദ്യാർഥി മരിച്ചു. പറണ്ടോട് പുറത്തിപ്പാറ വിഭഭവനിൽ വിജയകുമാറിന്റെയും ദീപയുടെയും മകൻ വിധു (20) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി മുടിവെട്ടാൻ പോയി മടങ്ങുന്നതിനിടെ, വിധുവും സുഹൃത്ത് മിഥുനും സഞ്ചരിച്ചിരുന്ന ബൈക്ക് ഉഴമലയ്ക്കൽ കാരനാട് ജംഗ്ഷന് സമീപമുള്ള വളവിൽ നിയന്ത്രണംവിട്ട് വൈദ്യുതത്തൂണിൽ ഇടിക്കുകയായിരുന്നു. റോഡരികിലെ പുല്ലിലേക്ക് ബൈക്ക് തെന്നിക്കയറിയതോടെയാണ് നിയന്ത്രണം നഷ്ടമായതെന്ന് നാട്ടുകാർ പറഞ്ഞു. വിധുവിന്റെ തല വൈദ്യുതത്തൂണിൽ ഇടിച്ച് ഗുരുതരമായി പരുക്കേറ്റിരുന്നു.
അപകടം ഉടൻ ആരും ശ്രദ്ധിച്ചിരുന്നില്ല. തുടർന്ന് അതുവഴി എത്തിയ മറ്റൊരു വാഹനത്തിന്റെ ഡ്രൈവർ റോഡിലൂടെ പരുക്കേറ്റ് നിരങ്ങിക്കൊണ്ടിരുന്ന മിഥുനിനെ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സമീപവാസികളെ വിവരമറിയിച്ചതിനെ തുടർന്ന് ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിധുവിന്റെ ജീവൻ രക്ഷിക്കാനായില്ല.
ഗുരുതര പരുക്കുകളോടെ സുഹൃത്ത് മിഥുൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിധു ചാക്ക ഐടിഐയിലെ വിദ്യാർഥിയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം സംസ്കരിച്ചു. വിവേക്, വിഭ എന്നിവർ സഹോദരങ്ങളാണ്.


