പൊന്മുടിയിൽ വൻ തിരക്ക്…

Attingal vartha_20251228_112526_0000

പൊൻമുടി: ക്രിസ്മസ് അവധി ആരംഭിച്ചതോടെ പൊൻമുടി വിനോദസഞ്ചാര കേന്ദ്രത്തിൽ സഞ്ചാരികളുടെ വൻതിരക്കാണ് അനുഭവപ്പെടുന്നത്. ക്രിസ്മസ് ദിനത്തിൽ മാത്രം ആയിരക്കണക്കിന് സഞ്ചാരികളാണ് പൊൻമുടിയിലെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലായി അനുഭവപ്പെട്ട കടുത്ത മഞ്ഞുമൂടൽ മൂലം മുൻദിനങ്ങളിലുമുള്ള തിരക്ക് തുടർന്നിരുന്നുവെങ്കിലും, ഈ വർഷത്തെ ഏറ്റവും വലിയ തിരക്കാണ് ക്രിസ്മസ് ദിനത്തിൽ രേഖപ്പെടുത്തിയത്.

ക്രിസ്മസ് ദിനത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി പൊൻമുടിയിലേക്ക് പ്രത്യേക സർവീസുകൾ നടത്തിയിരുന്നു. ഇതുവഴി കെ.എസ്.ആർ.ടി.സിക്ക് മികച്ച വരുമാനം ലഭിച്ചതായും അധികൃതർ അറിയിച്ചു. എന്നാൽ, തിരക്ക് അതിരൂക്ഷമായതിനെ തുടർന്ന് ഭക്ഷണവും കുടിവെള്ളവും ലഭ്യമാക്കുന്നതിൽ സഞ്ചാരികൾക്ക് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തു.
തിരക്കിനെ തുടർന്ന് മൂന്നു കിലോമീറ്റർ വരെ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. പൊൻമുടി–കല്ലാർ റൂട്ടിൽ ഉണ്ടായ ഗതാഗതക്കുരുക്ക് വിതുര വരെ നീണ്ടു. സാഹചര്യം നിയന്ത്രിക്കുന്നതിന് പൊൻമുടി പൊലീസും വനംവകുപ്പും കനത്ത ജാഗ്രതയും പരിശ്രമവും നടത്തി.

ക്രിസ്മസ് ദിനത്തിൽ ഏകദേശം എൺപതിനായിരത്തോളം സഞ്ചാരികളാണ് പൊൻമുടിയിലെത്തിയതെന്നാണ് കണക്കുകൾ. തിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായി ആയിരത്തിലധികം സഞ്ചാരികളെയും നൂറിലേറെ വാഹനങ്ങളെയും തിരിച്ചയക്കേണ്ടിവന്നു. കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടം, ബോണക്കാട്, പേപ്പാറ, ചാത്തൻകോട്, ചീറ്റിപ്പാറ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ക്രിസ്മസ് ദിനത്തിൽ ആയിരക്കണക്കിന് സഞ്ചാരികൾ എത്തിയതായി അധികൃതർ അറിയിച്ചു.

വനംവകുപ്പിന് പാസ് ഇനത്തിൽ ഏകദേശം അഞ്ച് ലക്ഷം രൂപയുടെ വരുമാനം ലഭിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു.
വിതുര മേഖലയിലെ ബോണക്കാട്, കല്ലാർ, പേപ്പാറ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇപ്പോഴും തിരക്ക് തുടരുകയാണ്. അവധിക്കാലം നീളുന്നതിനാൽ പുതുവത്സരം വരെ തിരക്ക് തുടരുമെന്നാണ് വിലയിരുത്തൽ.

ഇതിനിടെ, പൊൻമുടി, കല്ലാർ, പേപ്പാറ, ബോണക്കാട് മേഖലകളിൽ കാട്ടുമൃഗങ്ങളുടെ ശല്യം വർധിച്ചതായും റിപ്പോർട്ടുകളുണ്ട്. പകൽ സമയത്തുപോലും കാട്ടാനകളും കാട്ടുപോത്തുകളും റോഡിലേക്കിറങ്ങുന്ന സാഹചര്യങ്ങൾ ഉണ്ടായതിനാൽ സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ്‌യും വനംവകുപ്പും മുന്നറിയിപ്പ് നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!