വെള്ളനാട് : വാഹനം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം വെള്ളനാട് പഞ്ചായത്ത് പ്രസിഡൻറും സെക്രട്ടറിയും തമ്മിലുള്ള വാക്കേറ്റത്തിനു കാരണമായി. വെള്ളനാട് കുളക്കോട് ജങ്ഷനിൽ വെച്ചാണ് സംഭവങ്ങൾ അരങ്ങേറിയത്.പഞ്ചായത്തിലെ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്് തിരഞ്ഞെടുപ്പിനു ശേഷമുള്ള രേഖകൾ കളക്ടറേറ്റിൽ എത്തിച്ചശേഷം 5 മണിയോടെ പഞ്ചായത്തുവക വാഹനത്തിൽ ഓഫീസിലേക്കു തിരികെവരുകയായിരുന്ന ഡ്രൈവർ നന്ദനെയും വാഹനത്തെയും പ്രസിഡൻറ് വെള്ളനാട് ശശി കുളക്കോടുവെച്ച് കൈകാണിച്ചു നിർത്തിയശേഷം തനിക്ക് അരുവിക്കരയിൽ ഒരു പരിപാടിക്കുപോകാൻ വണ്ടി വേണമെന്ന് ആവശ്യപ്പെട്ടു.
എന്നാൽ, താൻ താത്കാലിക ജീവനക്കാരനാണെന്നും സെക്രട്ടറിയുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ 5 മണിക്കുശേഷം വണ്ടി ഓടിക്കാൻ സാധിക്കുകയുള്ളൂവെന്നും ഡ്രൈവർ പറഞ്ഞു.ഇതിനിടെ ശശി വാഹനത്തിന്റെ താക്കോൽ ഊരിയെടുത്തു. ഡ്രൈവർ നന്ദൻ സംഭവം സെക്രട്ടറിയെ അറിയിച്ചു. സ്ഥലത്ത് എത്തിയ സെക്രട്ടറി താക്കോൽ ചോദിച്ചപ്പോൾ ശശി താക്കോൽ തിരികെനൽകിയില്ല. തുടർന്ന് സെക്രട്ടറിയും പ്രസിഡൻറും തമ്മിൽ വാക്കേറ്റമായി.
സംഭവം അറിഞ്ഞ് സിപിഎം നേതാക്കളും പോലീസും സ്ഥലത്തെത്തി ശശിയുമായി സംസാരിച്ചെങ്കിലും ആദ്യം ശശി വഴങ്ങിയില്ല. പിന്നീട് ആര്യനാട് സിഐ ശ്യാംരാജ് ജെ.നായർ വാഹനത്തിൽ കയറ്റി ശശിയെ വീട്ടിലെത്തിച്ചു. പിന്നീട് വാഹനം ഡ്രൈവർ പഞ്ചായത്തിലെത്തിച്ചു


