വെമ്പായം: വെമ്പായം ഗ്രാമ പഞ്ചായത്തിൽ എൽ ഡി എഫ് ഭരണം. വാർഡ് 2 ചാത്തൻപാട് നിന്നും വിജയിച്ച അമിത ബാബു പ്രസിഡന്റായി ചുമതലയേറ്റു. വൈസ് പ്രസിഡന്റ് ആയി 19ാം വാർഡ് നെടുവേലിയിൽ നിന്നും വിജയിച്ച എം രാഹുൽ തെരഞ്ഞെടുക്കപ്പെട്ടു.
ആകെ 23 വാർഡുകൾ ഉള്ള ഗ്രാമപഞ്ചായത്തിൽ എൽ ഡി എഫ് 8 , യു ഡി എഫ് 8, ബിജെപി 5 , എസ് ഡി പിഐ 2 എന്നിങ്ങനെയാണ് കക്ഷിനില.
കോൺഗ്രസിന്റെ മുതിർന്ന അംഗം വോട്ട് അസാധുവാക്കി പ്രതിഷേധിച്ചത് എൽഡിഎഫിന് ഗുണമായി. വട്ടപ്പാറ വാർഡ് അംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ കണക്കോട് ഭുവനചന്ദ്രനാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് അസാധുവാക്കിയത്. വൈസ് പ്രസിഡന്റ് പദവിയിലേക്ക് തന്നെ പരിഗണിക്കാത്ത നേതൃത്വത്തിനെതിരേയായിരുന്നു പ്രതിഷേധം. പ്രസിഡന്റ് പദവി നഷ്ടപ്പെട്ടപ്പോൾ കോൺഗ്രസ് നേതൃത്വം ഇടപെട്ട് കണക്കോട് ഭുവനചന്ദ്രനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിച്ചു. പക്ഷേ, നറുക്കെടുപ്പിൽ വിജയിച്ചത് എൽഡിഎഫിലെ രാഹുലും. യുഡിഎഫ് പ്രസിഡന്റ് സ്ഥാനത്തേക്ക് പെരുങ്കൂർ വാർഡിലെ പ്രിയയെയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വെട്ടുപാറ വാർഡിലെ അരശുംമൂട് ജോണിനെയുമാണ് തീരുമാനിച്ചത്. മുതിർന്ന അംഗമായ തന്നെ വൈസ്പ്രസിഡന്റായി പരിഗണിക്കാത്തതിൽ പ്രകോപിതനായ കണക്കോട് ഭുവനചന്ദ്രൻ ബാലറ്റിൽ ഒപ്പിടാതെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് അസാധുവാക്കുകയായിരുന്നു. ബിജെപി വോട്ടിങ്ങിൽനിന്ന് വിട്ടുനിന്നു. രണ്ടംഗങ്ങളുള്ള എസ്ഡിപിഐയും വോട്ടുകൾ അസാധുവാക്കി.


