ചിറയിൻകീഴ്: ക്രിസ്മസ്–ന്യൂഇയർ പ്രത്യേക ഡ്രൈവിന്റെ ഭാഗമായി ചിറയിൻകീഴ് എക്സൈസ് റേഞ്ച് ശക്തമായ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ തുടരുന്നതിനിടെ വൻ മദ്യവേട്ട. റേഞ്ച് ഇൻസ്പെക്ടർ വി. എസ്. ദീപുക്കുട്ടന്റെ നേതൃത്വത്തിൽ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചിറയിൻകീഴ് ഇരട്ടകലുങ് ഡ്രീംലാൻഡ് വീട്ടിൽ നടത്തിയ പരിശോധനയിലാണ് അനധികൃത വിദേശമദ്യം കണ്ടെത്തിയത്.
വീട്ടിലെ കാർ പോർച്ചിന്റെ കോണിൽ പ്രത്യേകം സജ്ജീകരിച്ച സ്റ്റോർ റൂമിൽ 99 കെയ്സുകളിലായി 891 ലിറ്റർ ഗോവയിൽ നിർമ്മിച്ച വിദേശമദ്യം വില്പന ലക്ഷ്യമിട്ട് സൂക്ഷിച്ചിരുന്നതായി കണ്ടെത്തി.
സംഭവത്തിൽ ഡ്രീംലാൻഡ് വീട്ടിൽ താമസക്കാരനായ ബിനു ജി. (53)യെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ അബ്കാരി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
പരിശോധനാ സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടറിനൊപ്പം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) രാജേഷ് കെ.ആർ., പ്രിവന്റീവ് ഓഫീസർ എ. ജസീം, സിവിൽ എക്സൈസ് ഓഫീസർമാരായ ഷംനാദ്, പ്രവീൺ, അജാസ്, അഖിൽ, വൈശാഖ്, വനിത സിവിൽ എക്സൈസ് ഓഫീസർ മഞ്ജുഷ, ഡ്രൈവർ ഉഫൈസ് ഖാൻ എന്നിവർ പങ്കെടുത്തു.


