വർക്കല ജാമിഅ മന്നാനിയ്യ പ്രിൻസിപ്പൽ കെ.പി അബൂബക്കർ ഹസ്രത്ത് വിടവാങ്ങി

Attingal vartha_20260104_092420_0000

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റും വർക്കല ജാമിഅ മന്നാനിയ്യ പ്രിൻസിപ്പലുമായ നൂറുൽ ഉലമ കെ.പി അബൂബക്കർ ഹസ്രത്ത് (85) യാത്രയായി. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ നിന്ന് പുറത്തിറങ്ങിയ ആദ്യത്തെ അഞ്ച് ഫൈസിമാരിൽ ഒരാളായിരുന്നു അദ്ദേഹം. ആറര പതിറ്റാണ്ടായി അധ്യാപന രംഗത്ത് നിറസാന്നിധ്യമായിരുന്നു.

എറണാകുളം ജില്ലയിലെ കാക്കനാട് പടമുകൾ കിഴക്കേക്കരയിൽ മർഹൂം മജീദ് ഹാജി – ആയിഷ ദമ്പതികളുടെ മകനായി 1937-ലാണ് ജനനം. പ്രാഥമിക പഠനശേഷം പടമുകൾ മഹല്ല് ജുമാമസ്ജിദിൽ കോക്കൂർ കുഞ്ഞഹമ്മദ് മുസ്ലിയാരുടെ ദർസിൽ അഞ്ച് വർഷം പഠിച്ചു. തുടർന്ന് പരപ്പനങ്ങാടി പനയത്തിൽ പള്ളിയിൽ  കോട്ടുമല അബൂബക്കർ മുസ്ലിയാരുടെ ദർസിൽ ചേർന്നു. പട്ടിക്കാട് ജാമിഅ നൂരിയ്യ ആരംഭിച്ചപ്പോൾ കോട്ടുമല അബൂബക്കർ മുസ്ലിയാർക്കൊപ്പം ആദ്യ ബാച്ചിൽ വിദ്യാർത്ഥിയായി ചേർന്നു. ഖുതുബി മുഹമ്മദ് മുസ്ലിയാർ,കണ്ണിയത്ത് അഹമ്മദ് മുസ്ലിയാർ, ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ലിയാർ, കോട്ടുമല അബൂബക്കർ മുസ്ലിയാർ, താഴക്കോട് കുഞ്ഞലവി മുസ്ലിയാർ,   എന്നിവരായിരുന്നു പ്രധാന ഗുരുനാഥന്മാർ.  സമസ്ത മുൻ അധ്യക്ഷൻ കുമരംപുത്തൂർ മുഹമ്മദ് മുസ്ലിയാർ സഹപാഠിയായിരുന്നു.

പഠനശേഷം ഒ.ബി തഖിയുദ്ദീൻ ഫരീദുദ്ദീൻ ഹസ്രത്തിന്റെ നിർദേശപ്രകാരം കൊല്ലം തേവലക്കരയിൽ മുദരിസായി. 18 വർഷം അവിടെ സേവനം ചെയ്തു. തുടർന്ന് മുട്ടക്കാവ്, കൊല്ലൂർവിള പള്ളിമുക്ക് എന്നിവിടങ്ങളിൽ ദർസ് നടത്തി. ദീർഘകാലം വർക്കല ജാമിഅ മന്നാനിയ്യയിൽ അധ്യാപകനായും പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചു. ഇടക്കാലത്ത് ശിഷ്യൻ കൂടിയായ അബ്ദുന്നാസർ മഅ്ദനിയുടെ അഭ്യർത്ഥന പ്രകാരം അൻവാറുശ്ശേരിയിലും അഞ്ച് വർഷം മുദരിസായിട്ടുണ്ട്.

അബ്ദുന്നാസർ മഅ്ദനി,  ആറ്റിങ്ങൽ അബ്ദുൽ അസീസ് മൗലവി, എ.കെ ഉമർ മൗലവി, തടിക്കാട് സഈദ് ഫൈസി, കെ.എച്ച് മുഹമ്മദ് മൗലവി തുടങ്ങി പ്രമുഖർ ശിഷ്യന്മാരാണ്.

ഭാര്യ: ഹന്ന ബീവി. മക്കൾ: മുജീബ്, സാദിഖ്, അമീറാ. മരുമക്കൾ: അമാനുല്ല, ഷിമിയ, ഷീബ. ഖബറടക്കം ഇന്ന് വൈകിട്ട് അസർ നിസ്കാരത്തിന് ശേഷം കൊല്ലം മുട്ടക്കാവ് ജമാഅത്ത് ഖബർസ്ഥാനിൽ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!