നാവായിക്കുളം കോൺഗ്രസ് തർക്കം ഒത്തുതീർന്നു. പ്രസിഡൻറ് രാജിവച്ചു. ദിവസങ്ങളായി തുടരുന്ന ചർച്ചകളുടെ ഫലമായാണ് ഒത്തുതീർപ്പിലെത്തിയത്. ഇതനുസരിച്ച് പ്രസിഡൻ്റ് സ്ഥാനം ആസിഫ് കടയിൽ രാജിവച്ചു. 6 പഞ്ചായത്ത് അംഗങ്ങൾക്കൊപ്പം എത്തിയാണ് ആസിഫ് കടയിൽ രാജിക്കത്ത് സെക്രട്ടറിക്ക് കൈമാറിയത്. രാജി സമർപ്പിച്ച സാഹചര്യത്തിൽ നേതൃത്വം ഇടപെട്ട് തുടർ ചർച്ചകൾ നടത്തും. ഇതിനുശേഷം മാത്രമേ പുതിയ പ്രസിഡണ്ടിനെയും വൈസ് പ്രസിഡൻറ് തീരുമാനിക്കൂ.
നീതിയുക്തമായ തീരുമാനം നേതൃത്വത്തിൽ നിന്ന് ഉണ്ടായാൽ പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് സ്ഥാനങ്ങളിൽ രാജിവെക്കുമെന്ന് അധ്യക്ഷ തെരഞ്ഞെടുപ്പ് ദിവസം തന്നെ വിമതർ പറഞ്ഞിരുന്നു. വിമതപക്ഷത്ത് നിന്ന് വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട റീന ഫസൽ നേരത്തെ രാജി വെച്ചിരുന്നു. ഇത് ചർച്ചകളിലേക്ക് അവസരം ഒരുക്കി. യു.ഡി.എഫ് 12, എൽ.ഡി.എഫ് 6, ബി.ജെ.പി 6 എന്നതാണ് പഞ്ചായത്തിലെ കക്ഷിനില.
ഭാരവാഹികളെ സംബന്ധിച്ച് ഇരു ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ കഴിയാതെ വന്നതോടെയാണ് ഒരു വിഭാഗം പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് സ്ഥാനങ്ങളിലേക്ക് മത്സരിച്ചത്. ഇതിനെ അവസരമായി കണ്ട് എൽ.ഡി.എഫ് ഇവരെ പിന്തുണച്ചു. അതോടെ പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് സ്ഥാനങ്ങളിൽ കോൺഗ്രസ് വിമതർ എത്തി. വിമത വിഭാഗം നിസാം കുടവൂരിന് ആദ്യ രണ്ടര വർഷം പ്രസിഡൻ്റ് സ്ഥാനം നൽകണമെന്ന നിലപാടിൽ ആണ്. മുതിർന്ന നേതാവ് എന്ന നിലയിലും അദ്ദേഹം മണ്ഡലം പ്രസിഡൻ്റ് ആയിരുന്ന മണ്ഡലം കമ്മിറ്റിക്ക് ഉള്ളിൽ നിന്ന് 9 അംഗങ്ങൾ ജയിച്ചതും പരിഗണിക്കണം എന്നാണ് ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
എതിർ വിഭാഗം യുവ നേതാവ് എന്ന നിലയിൽ ജിഹാദിന് ആദ്യ രണ്ടര വർഷം പ്രസിഡൻ്റ് സ്ഥാനം നൽകണം എന്നാവശ്യപ്പെടുന്നു. പഞ്ചായത്ത് പരിധിയിൽ കോൺഗ്രസ് പാർട്ടി രണ്ടായി നിലകൊള്ളുകയാണ്. ഇത് വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കാര്യമായി ബാധിക്കും. ഇതിനിടെയാണ് ജില്ലാ നേതൃത്വത്തിന്റെ ഒത്തുതീർപ്പ് ചർച്ചകൾ ഫലം കണ്ടത്.


