വർക്കല: ചന്ദനത്തടികൾ കടത്തുന്നതിനിടെ അഞ്ചുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വർക്കലയിൽ നിന്ന് അറസ്റ്റ് ചെയ്തു. 66 കിലോ ചന്ദനത്തടികളുമായി കടന്നുവരുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. അറസ്റ്റിലായവരിൽ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട പ്രതിയും ഉൾപ്പെടുന്നു.
വർക്കല സ്വദേശികളായ നിഷാദ് അയിരൂർ (പട്ടി നിഷാദ്), നസറുള്ള (ശിവഗിരി), ഇടവ സ്വദേശികളായ നൗഫൽ, ഹുസൈൻ, മലപ്പുറം കോട്ടയ്ക്കൽ സ്വദേശി അബ്ദുൽ കരീം എന്നിവരാണ് പിടിയിലായത്.
പിടിയിലായവരുടെ പ്രധാന പ്രവർത്തനം ചന്ദന മോഷണവും ചന്ദനത്തടികളുടെ അനധികൃത കടത്തും ആണെന്ന് പാലോട് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഒന്നാം പ്രതിയും സംഘത്തിന്റെ പ്രധാന കണ്ണിയുമായ നിഷാദ് അയിരൂർ പരവൂർ, വർക്കല, കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനുകളിൽ 15-ൽ അധികം കേസുകളിലെ പ്രതിയാണ്. മോഷണം, ഭവനഭേദനം, പിടിച്ചുപറി, ക്രിമിനൽ കേസുകൾ തുടങ്ങിയവയിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്.
രണ്ടാം പ്രതിയായ അബ്ദുൽ കരീം തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്ന് മോഷണം പോയ ചന്ദനത്തടികൾ ശേഖരിച്ച് മലപ്പുറത്ത് എത്തിക്കുകയും അവിടെ നിന്ന് കർണാടകയിലെ ബെൽഗാമിലേക്കും മഹാരാഷ്ട്രയിലെ ശങ്കേശ്വറിലേക്കും കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. കേസിൽ നസറുള്ള മൂന്നാം പ്രതിയാണെന്നും വനംവകുപ്പ് വ്യക്തമാക്കി.
പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ വി. വിപിൻ ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായവരെ ഇന്ന് നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ആറുമാസത്തിനിടെ ആറ് കേസുകളിലായി 24 പ്രതികളിൽ നിന്നായി 492 കിലോ ചന്ദനത്തടികൾ പാലോട് വനംവകുപ്പ് പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു.


