മലയിൻകീഴ്: പൂട്ടിയിട്ടിരുന്ന വീടിന്റെ വാതിൽ കുത്തിത്തുറന്ന് അഞ്ചുപവൻ സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയും മോഷ്ടിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഊരൂട്ടമ്പലം ഗോവിന്ദമംഗലം പെരുമന കട്ടറക്കുഴിയിൽ പ്രതാപചന്ദ്രന്റെ നന്ദാവനം എന്ന വീട്ടിലാണ് മോഷണം നടന്നത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിക്കും രാത്രി ഒൻപതുമണിക്കും ഇടയിലായിരുന്നു മോഷണം. സംഭവസമയത്ത് വീട്ടുകാർ കുട്ടികളുടെ സ്കൂളിൽ പോയിരുന്നതിനാൽ വീട് ആളില്ലാതെയായിരുന്നു. വീടിന്റെ പുറകുവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നതെന്ന് പൊലീസ് പറഞ്ഞു.
ബെഡ്‌റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും ഒന്നേകാൽ പവൻ തൂക്കം വരുന്ന ഒരു വള, ഒരു പവൻ തൂക്കമുള്ള മുത്തുമാല, ചുട്ടിയോടുകൂടിയ ഒന്നേകാൽ പവൻ തൂക്കം വരുന്ന മറ്റൊരു മാല, അരപവൻ തൂക്കമുള്ള ഒരു മോതിരം, മുക്കാൽ പവൻ തൂക്കം വരുന്ന ‘അഞ്ചു കൃഷ്ണ’ എന്ന പേരുകൊത്തിയ മറ്റൊരു മോതിരം, രണ്ട് ഗ്രാം തൂക്കം വീതമുള്ള രണ്ട് മോതിരങ്ങൾ എന്നിവയും അടുക്കളയിൽ സൂക്ഷിച്ചിരുന്ന ആറായിരം രൂപയും ഉൾപ്പെടെ ഏകദേശം അഞ്ച് ലക്ഷത്തി ഇരുപത്തയ്യായിരം രൂപ വിലവരുന്ന സ്വർണാഭരണങ്ങളും ഒരു ലക്ഷത്തി ആറായിരം രൂപയും കവർന്നതായാണ് പ്രാഥമിക വിവരം.
മാറനല്ലൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത് പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.


