
ആറ്റിങ്ങൽ : ആലംകോട് ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ്സിലെ അധ്യാപകനെ പോക്സോ കേസിൽ അറസ്റ്റ ചെയ്ത സംഭവത്തിൽ പി ടി എ യുടെ ഇടപെടൽ കാര്യക്ഷമമായി ഉണ്ടായില്ലെന്നും പി ടി എ കാര്യങ്ങൾ അറിഞ്ഞില്ലെന്നു പറയുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് ആരോപിച്ചുകൊണ്ട് രക്ഷകർത്താക്കളും നാട്ടുകാരും സ്കൂളിൽ എത്തി.
കഴിഞ്ഞ ദിവസമാണ് സ്കൂളിലെ എട്ടാം ക്ലാസിലെ ഗണിത അധ്യാപകൻ കൊട്ടാരക്കര സ്വദേശി ഗണേഷ് കുമാർ (44) നെയാണ് നഗരൂർ പോലീസ് അറസ്റ്റ് ചെയ്തത്. ചൈൽഡ് ലൈൻ സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് വിദ്യാർത്ഥിനി അധ്യാപകനെ കുറിച്ച് വിവരങ്ങൾ പുറത്ത് വിട്ടത്. തുടർന്ന് ചൈൽഡ് ലൈനിന്റെ ഇടപെടലിൽ പോലീസ് കേസ് എടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇന്ന് രാവിലെയാണ് നാട്ടുകാർ ഉൾപ്പെടെ സ്കൂളിലെത്തിയത്. എന്നാൽ പി ടി എ പ്രസിഡന്റ് സ്കൂളിൽ എത്തിയിരുന്നില്ല. തുടർന്ന് പ്രിൻസിപ്പളും അധ്യാപകരും ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തി. സംഭവം പി ടി എ അറിഞ്ഞിരുന്നില്ല എന്നാണ് അധ്യാപകരും പറയുന്നത്. ഇത്രയും ഗുരുതരമായ വിഷയം പിടിഎ അറിഞ്ഞില്ലെന്നു പറയുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് ചർച്ചയ്ക്ക് എത്തിയവർ പറഞ്ഞു. ചർച്ചയ്ക്ക് ഒടുവിൽ അഞ്ചു വർഷത്തോളമായി തുടരുന്ന പി ടി എ പിരിച്ചുവിടാനും പൊതു യോഗം ചേർന്ന് പുതിയ പിടിഎ ഭാരവാഹികളെ തെരഞ്ഞെടുക്കാനും തീരുമാനിച്ചു. മാത്രമല്ല കുട്ടികൾക്ക് കൌൺസിലിംഗ് നൽകുവാനും,കുട്ടികൾക്ക് എതിരെയുള്ള ഇത്തരം അതിക്രമങ്ങൾ ഇനി സംഭവിക്കാതിരിക്കാൻ എസ്പിജി (സ്റ്റുഡന്റസ് പബ്ലിക് ഗ്രൂപ്പ്) ആരംഭിക്കാനും തീരുമാനിച്ചു.
വിവിധ രാഷ്ട്രീയ പ്രവർത്തകരും നാട്ടുകാരും രക്ഷകർത്താക്കളും സ്കൂളിലേക്ക് എത്തിയപ്പോൾ പ്രശ്നങ്ങൾ സംഭവിക്കാതിരിക്കാൻ ആറ്റിങ്ങൽ, കല്ലമ്പലം, നഗരൂർ സ്റ്റേഷനുകളിൽ നിന്ന് പോലീസ് സംഘം എത്തിയിരുന്നു. മാത്രമല്ല, കുറച്ചുപേരെ മാത്രമാണ് ചർച്ചയ്ക്കായി സ്കൂളിലേക്ക് കടത്തി വിട്ടതും.


