
അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ നിന്നും വലിയവീട്, കണ്ടൽ വാർഡുകളിലെ കോൺഗ്രസ്സ് മെമ്പർമാർ വിട്ടുനിന്നു.
ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മൂന്ന് അംഗങ്ങളും എൽഡിഎഫിനും ബിജെപി ക്കും ഓരോ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. കോൺഗ്രസ്സും ഇടതു മുന്നണിയും മത്സരിച്ചു. ബിജെപി അംഗം വിട്ടുനിന്നു.
രണ്ട് വോട്ടുകൾ നേടി കോൺഗ്രസ് അംഗം ചെയർപെഴ്സൺ ആയെങ്കിലും മറ്റൊരു കോൺഗ്രസ് അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.
ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായാണ് ആ വിട്ടു നിൽക്കൽ. തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ ആ അംഗം പഞ്ചായത്തിൽ എത്തുകയുമുണ്ടായി.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ അംഗം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മത്സരിക്കേണ്ടിയിരുന്ന കോൺഗ്രസ് അംഗം വോട്ടെടുപ്പിൽ പങ്കെടുക്കാതിരുന്നതും ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായാണ്.
അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് ഭരണത്തിൽ ഇനിയങ്ങോട്ട് മെമ്പർമാരെ ഉപയോഗപ്പെടുത്തിയുള്ള ഗ്രൂപ്പ് നേതാക്കന്മാരുടെ ഇത്തരം കളികൾ കുരങ്ങനെക്കൊണ്ട് ചുടുചോറ് വാരിപ്പിക്കും വിധമായിരിക്കും എന്നതാണ് സൂചിപ്പിക്കുന്നത്.


