
വെമ്പായം: സൗദി അറേബ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ വെമ്പായം സ്വദേശിയായ യുവാവ് മരിച്ചു. വെമ്പായം പുളിക്കക്കോണം പണയ വീട്ടിൽ അൽ അസീം (34) ആണ് മരിച്ചത്. വെമ്പായം ഇലവുങ്ങൾ അബ്ദുൽസലാം നസീഹ ദമ്പതികളുടെ മകനാണ്
കഴിഞ്ഞദിവസം രാത്രിയിലായിരുന്നു അപകടം. അൽ അസീം ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മുന്നിലുണ്ടായിരുന്ന ട്രക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. ആഘാതത്തിൽ വാഹനം തകരുകയും അൽ അസീം സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയും ചെയ്തു.
സൗദിയിലെ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു അൽ അസീം. നിലവിൽ മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴയുടെ നേതൃത്വത്തിൽ തുടർനടപടികൾ നടന്നുവരുന്നു. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു


