ആലന്തറ നീന്തല്‍ക്കുളവും തണ്ണിയം സ്റ്റേഡിയവും ഉദ്ഘാടനം ചെയ്തു

Attingal vartha_20260114_212944_0000

ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിക്ക് വിവിധ ബജറ്റുകളിലായി 88 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും ജില്ലയില്‍ 17 കളിക്കളങ്ങളാണ് പദ്ധതി പ്രകാരം ഒരുങ്ങുന്നതെന്നും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍.

വാമനപുരം നിയോജകമണ്ഡലത്തിലെ നെല്ലനാട് ഗ്രാമപഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ആലന്തറ നീന്തല്‍ക്കുളത്തിന്റെയും കല്ലറ ഗ്രാമ പഞ്ചായത്തിലെ തണ്ണിയം സ്റ്റേഡിയത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വാമനപുരം നിയോജകമണ്ഡലത്തില്‍ കായികവകുപ്പ് നിരവധി പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഓരോ പഞ്ചായത്തിലും കായിക ഫിറ്റ്‌നസ് കേന്ദ്രങ്ങള്‍ ഒരുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഈ സര്‍ക്കാര്‍ 3500 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയിലാണ് കല്ലറ തണ്ണിയം സ്റ്റേഡിയം നിര്‍മ്മിച്ചത്.
കായിക വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപയും എം. എല്‍.എ ഫണ്ടില്‍ നിന്ന് 50 ലക്ഷവും ചേര്‍ത്ത് ഒരു കോടി രൂപ ചെലവിലാണ് സ്റ്റേഡിയം നിർമിച്ചത്.
മഡ് കോര്‍ട്ട്, വോളിബോള്‍ കോര്‍ട്ട്, ഫുഡ്‌ബോള്‍ കോര്‍ട്ട്, സ്റ്റെപ്പ് ഗാലറി, റീട്ടെയിനിംഗ് വാള്‍, ഡ്രെയിന്‍, ഫെന്‍സിംഗ്, ടോയ്ലെറ്റ് ഉള്‍പ്പെടുന്ന ഓഫീസ് മുറി, തുടങ്ങിയ സൗകര്യങ്ങളാണ് കല്ലറ -തണ്ണിയം സ്റ്റേഡിയത്തിലുള്ളത്. കളിക്കളത്തിനൊപ്പം ഓപ്പണ്‍ ജിം, വാക്ക് വേ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.

ഗ്രാമീണ ജനങ്ങളുടെ കായികക്ഷമത ഉറപ്പുവരുത്തുന്നതിനൊപ്പം ഉന്നത നിലവാരമുള്ള ആധുനിക നീന്തല്‍ കുളങ്ങള്‍ നിര്‍മ്മിച്ചുകൊണ്ട് ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ കായിക താരങ്ങളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കായിക വകുപ്പ് ആലന്തറ നീന്തല്‍ക്കുളം നിര്‍മിച്ചിട്ടുള്ളത്. ഒരു കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.

കേരളത്തില്‍ കായിക രംഗത്ത് ഉണ്ടായ പുരോഗതി അത്ഭുതാവഹമാണ്. അത്തരത്തില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കി വരുന്നതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ഡി.കെ മുരളി എം.എല്‍.എ വ്യക്തമാക്കി.

യോഗത്തില്‍ എ.എ റഹിം എം.പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ പി.വി രാജേഷ്, സുധീര്‍ഷാ പാലോട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആര്‍ദ്ര ബി. എസ്, ആമിന മോള്‍, നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബുരാജന്‍, കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.എല്‍ വിജിത തുടങ്ങിയവര്‍ പങ്കെടുത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!