
ആറ്റിങ്ങലിലെ പോലീസ് ഉദ്യോഗസ്ഥർ റിയൽ എസ്റ്റേറ്റ്-മണ്ണ് മാഫിയയുടെ ഏജൻ്റമാരായി പ്രവർത്തിക്കുന്നുവെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ.പി.സുധീർ പറഞ്ഞു. ആറ്റിങ്ങലിലെ പോലീസ് – മണ്ണ് മാഫിയ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ഡി വൈ എസ് പി ഓഫീസിലേക്ക് നടത്തിയ ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പി.സുധീർ.
‘ആറ്റിങ്ങൽ മേഖലയിൽ വ്യാപകമായി തണ്ണീർത്തട നെൽവയൽ സംരക്ഷണ നിയമം ലംഘിച്ചുകൊണ്ടുള്ള നിയമ വിരുദ്ധമായ നിലം നികത്തലാണ് നടക്കുന്നത്. പോലീസ് ഉദ്യോഗസ്ഥന്മാർ ഇതുവരെ നടപടി സ്വീകരിക്കാൻ തയാറായിട്ടില്ല. പോലീസ് സ്റ്റേഷനിൽ പിടിച്ചു കൊണ്ടിട്ട മണ്ണുമാന്തി യന്ത്രം, പോലീസ് വിട്ടു കൊടുക്കാതെ മണ്ണടിക്കാർ എടുത്തു കൊണ്ട് പോയി വീണ്ടും മണ്ണടിച്ചു. ഇത് പോലീസ് സേനയ്ക്കാകെ നാണക്കേടാണ്. ആറ്റിങ്ങൽ സ്റ്റേഷൻ ഭരിക്കുന്നത് മണ്ണ് മാഫിയയാണ്. സിപിഎം നേതാക്കളുടെയും, നഗരസഭ ചെയർമാന്റെയും ഒത്താശയോടെയാണ് നിയമവിരുദ്ധമായ നിലം നികത്തൽ നടക്കുന്നത്. സിപിഎം ഡിവൈഎഫ്ഐ നേതാക്കൾ ഉൾപ്പെടെ കൈക്കൂലി വാങ്ങിയിട്ടുണ്ട്. നിരവധി തവണ കൃഷി ഓഫീസർ വാഹനങ്ങൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിട്ടും പോലീസ് നടപടി സ്വീകരിച്ചിട്ടില്ല. സിപിഎം പോലീസ് മാഫിയ കൂട്ടുകെട്ടാണ് ഇതിനു പിന്നിൽ. നിയമ വിരുദ്ധമായി കൊണ്ടിട്ട മണ്ണ് പൂർണ്ണമായും നീക്കം ചെയ്യുന്നതുവരെ പ്രക്ഷോഭം തുടരും’- സുധീർ പറഞ്ഞു.
സമരത്തിനെതിരായ പോലീസ് നടപടിയിൽ യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജിഷ്ണു ഗോവിന്ദിന് കയ്യിൽ ഗുരുതരമായി പരിക്കേറ്റു. ജിഷ്ണുവിനെ വലിയകുന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനകീയ സമരങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചാൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നു ബിജെപി ജില്ലാ പ്രസിഡൻ്റ് എസ്.ആർ.രജികുമാർ പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡൻ്റ് എസ്.ആർ.രജികുമാർ, യുവമോർച്ച ജില്ലാ പ്രസിഡന്റ് സൂര്യകൃഷ്ണൻ, ദേശീയ കൗൺസിൽ അംഗം തോട്ടയ്ക്കാട് ശശി, ബിജെപി ജില്ലാ ജനറൽ സെക്രട്ടറിമാരായ ഇലകമൺ സതീശൻ, രാജേഷ് മാധവൻ, എന്നിവർ സംസാരിച്ചു. യുവമോർച്ച നേതാക്കളായ ജിഷ്ണു ഗോവിന്ദ്, സജി നെടുമങ്ങാട്, ആനന്ദ് മോഹൻ, അനന്തു, രൂപേഷ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.


