
സംസ്ഥാന സർക്കാർ കിഫ്ബി ഫണ്ട് കൂടുതലും വിനിയോഗിച്ചത് പശ്ചാത്തല വികസനത്തിനെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. നവീകരിച്ച പേഴുംമൂട്- കലമ്പാറ പരുത്തിപ്പള്ളി റോഡിന്റെയും കുറ്റിച്ചൽ-കോട്ടൂർ റോഡിന്റെയും ഉദ്ഘാടനവും അതോടൊപ്പം അരുവിക്കര ജംഗ്ഷൻ വികസന – നിർമ്മാണ ഉദ്ഘാടനവും ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശ്ചാത്തല വികസന പദ്ധതികൾക്ക് വലിയ പ്രാധാന്യമാണ് 2021 മെയ് 20-ന് അധികാരത്തിൽ വന്ന നിലവിലെ പിണറായി സർക്കാർ നൽകിയിട്ടുള്ളത്. മുപ്പതിനായിരത്തോളം കിലോമീറ്റർ റോഡുകളാണ് പി.ഡബ്ല്യൂ.ഡി – യുടെ കീഴിൽ ഉള്ളത്. അതിൽ സർക്കാർ 35000 കോടി രൂപ അനുവദിക്കുകയും 9000 കിലോമീറ്റർ റോഡുകൾ ഈ സർക്കാരിൻ്റെ കാലത്ത് മാത്രം നവീകരിക്കുകയും ചെയ്തു.
കേരളത്തിൻ്റെ ദീർഘകാല ആവശ്യമായ ദേശീയ പാത 66- ന് ഇന്ത്യയിൽ ആദ്യമായി പണം കണ്ടെത്തിയ സംസ്ഥാനവും കേരളമാണ്. ഇതിനായി കേന്ദ്ര സർക്കാരിന് സ്ഥലമേറ്റെടുക്കലിനും മറ്റുമായി 5580 കോടി സംസ്ഥാന സർക്കാർ നൽകിയിട്ടുണ്ട്. സർക്കാരിന്റെ നേതൃത്വത്തിൽ ആദ്യ തുരങ്കപാത നിർമ്മിക്കുന്നതും കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തിയാണ്. അദ്ദേഹം കൂട്ടിചേർത്തു.
സംസ്ഥാന സർക്കാരിൻ്റെ ശബരിമല റോഡ് വികസന ഫണ്ടിൽ നിന്നും 9.50 കോടി രൂപ ചെലവഴിച്ചാണ് ബിഎംബിസി നിലവാരത്തിൽ പേഴുംമൂട്- കാലക്കാറ പരുത്തിപ്പള്ളി, കുറ്റിച്ചൽ – കോട്ടൂർ റോഡുകളുടെ നവീകരണം പൂർത്തിയാക്കിയത്. കിഫ്ബി ഫണ്ടിൽ നിന്നും 15 കോടി ചെലവഴിച്ചാണ് അരുവിക്കര ജംഗ്ഷൻ്റെ നവീകരണം നടത്തിയത്. ജനപ്രതിനിധി എന്ന നിലയിൽ മികച്ച പ്രവർത്തനമാണ് അരുവിക്കര നിയോജകമണ്ഡലത്തിൽ ജി. സ്റ്റീഫൻ എം.എൽ.എ കാഴ്ചവയ്ക്കുന്നത് എന്നും കഴിഞ്ഞ 5 വർഷത്തെ മണ്ഡലത്തിലെ മാറ്റങ്ങൾ കൊണ്ട് തന്നെ അത് ജനങ്ങൾക്ക് മനസിലാവും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജി. സ്റ്റീഫൻ എം.എൽ.എ ചടങ്ങുകൾക്ക് അധ്യക്ഷത വഹിച്ചു. കുറ്റിച്ചൽ ജംഗ്ഷനിലും അരുവിക്കര ഗവ: എച്ച് . എസ്.എസ് ഓപ്പൺ ഓഡിറ്റോറിയത്തിലും വച്ച് നടന്ന ചടങ്ങിൽ കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാധാ ജയൻ, അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ് ഷജിത, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.എസ്. രാജ് മോഹൻ തമ്പി, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.എസ് സുനിൽകുമാർ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.


