കേരളത്തിലെ പാരലൽ കോളേജ് വിദ്യാഭ്യാസത്തിന്റെ ഇതിഹാസം മാധവൻ സാർ വിടവാങ്ങുമ്പോൾ…..

Attingal vartha_20260122_152937_0000

ആറ്റിങ്ങൽ: കേരളത്തിലെ പാരലൽ കോളേജ് വിദ്യാഭ്യാസ ചരിത്രത്തിൽ ഒരധ്യായമായി മാറിയ പേരാണ് കെ. മാധവൻ നായർ, എല്ലാവർക്കും പ്രിയപ്പെട്ട മാധവൻ സാർ. അര നൂറ്റാണ്ടോളം ആറ്റിങ്ങലിനെയും അതിലൂടെ സംസ്ഥാനത്തെയാകെയും വിദ്യയുടെ വെളിച്ചത്തിലേക്ക് നയിച്ച ആ മഹാഗുരു 85-ാം വയസ്സിൽ വിടവാങ്ങുമ്പോൾ, നഷ്ടമാകുന്നത് ഒരു അധ്യാപകനെ മാത്രമല്ല, തലമുറകളെ രൂപപ്പെടുത്തിയ ഒരു വിദ്യാഭ്യാസ ദർശനത്തെയാണ്.

കേരളത്തിൽ ഏറ്റവും കൂടുതൽ പാരലൽ കോളേജുകൾ പ്രവർത്തിച്ച ആറ്റിങ്ങലിൽ, പാരലൽ വിദ്യാഭ്യാസത്തിന്റെ അടിത്തറ പാകിയവരിൽ മുൻനിരയിലാണ് മാധവൻ സാർ. ആറ്റിങ്ങൽ കോളേജ് ഓഫ് സയൻസിന്റെ സ്ഥാപകനും പ്രിൻസിപ്പലുമായിരുന്ന അദ്ദേഹം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആയിരക്കണക്കിന് ശിഷ്യർക്ക് ഇന്നും ഏറ്റവും പ്രിയപ്പെട്ട അധ്യാപകനായി നിലനിൽക്കുന്നു.

അയിലം റോഡിൽ, ബോയ്സ് സ്കൂളിന് സമീപം, അമ്പത് വർഷത്തോളം പ്രവർത്തിച്ച ആറ്റിങ്ങൽ കോളേജ് ഓഫ് സയൻസും അതിനെ അത്രമേൽ ചിട്ടയോടെയും ആത്മാർത്ഥതയോടെയും നയിച്ച മാധവൻ സാറും ആറ്റിങ്ങലിന്റെ സാംസ്കാരിക-വിദ്യാഭ്യാസ ഭൂപടത്തിൽ നിന്ന് ഒരിക്കലും മായാത്ത ഓർമ്മകളാണ്. അതിരാവിലെ ഓട്ടോയിൽ കോളേജിന് മുന്നിൽ വന്നിറങ്ങി, കൈയിൽ പെട്ടിയുമായി ക്ലാസുകളിലേക്ക് നടന്നു കയറുന്ന മാധവൻ സാറിന്റെ ദൃശ്യങ്ങൾ, അദ്ദേഹത്തിന്റെ മുൻ വിദ്യാർത്ഥികളും സഹ അധ്യാപകരും ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന സ്മരണകളാണ്. ചുവന്ന ഷർട്ടും വെള്ള പാന്റുമായിരുന്നു അദ്ദേഹത്തിന്റെ സ്ഥിരം വേഷം എന്നതും ശ്രദ്ധേയമായിരുന്നു.

ഫിസിക്സ് അധ്യാപകനായ മാധവൻ സാർ, ജീവിതത്തിലും പഠനത്തിലും ഒരേ പോലെ ചിട്ടയും കൃത്യതയും പാലിച്ച വ്യക്തിത്വമായിരുന്നു. ക്ലാസ് തുടങ്ങുന്നതിന് മുൻപേ വിദ്യാർത്ഥികൾ ക്ലാസ്സിൽ സന്നിഹിതരാകണം എന്നത് അദ്ദേഹം വിട്ടുവീഴ്ചയില്ലാതെ പാലിപ്പിച്ചു. എന്നാൽ അതിനൊപ്പം, വിദ്യാർത്ഥികളുടെ സാമൂഹിക സാഹചര്യങ്ങളും വ്യക്തിപരമായ പ്രശ്നങ്ങളും മനസ്സിലാക്കി ഇടപെടുന്ന മാനവികതയും അദ്ദേഹത്തെ വ്യത്യസ്തനാക്കി.

ആദ്യകാലത്ത് വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കോളേജ് പിന്നീട് സമീപത്ത് സ്വന്തമായി വാങ്ങിയ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. മുറ്റം നിറയെ ചെടികൾ നട്ടുവളർത്തിയ, മനോഹരവും ശാന്തവുമായ ഒരു പഠനാന്തരീക്ഷം, അത് മാധവൻ സാറിന്റെ വിദ്യാഭ്യാസ കാഴ്ചപ്പാടിന്റെ പ്രതിഫലനമായിരുന്നു. വൈകുന്നേരങ്ങളിൽ ചെടികൾക്ക് വെള്ളം ഒഴിക്കാൻ പോലും സമയം കണ്ടെത്തിയിരുന്ന അദ്ദേഹം, വിദ്യാഭ്യാസം വെറും ക്ലാസ് മുറിക്കുള്ളിൽ ഒതുങ്ങേണ്ടതല്ലെന്ന സന്ദേശമാണ് നൽകിയത്.

ശാരീരിക അസ്വസ്ഥതകൾ മൂലം അടുത്തകാലത്ത് കോളേജ് ഓഫ് സയൻസ് അടച്ചുപൂട്ടേണ്ടിവന്നപ്പോഴും, അത് മറ്റാർക്കെങ്കിലും കൈമാറാൻ മാധവൻ സാർ തയ്യാറായില്ല. “അത് അദ്ദേഹത്തിന്റെ തന്നെ ഒരു അടയാളമായി നിലനിൽക്കട്ടെ” എന്ന ചിന്തയായിരുന്നു അതിന് പിന്നിലെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവർ പറയുന്നു.

ഒരു അധ്യാപകൻ എങ്ങനെ ആയിരിക്കണം എന്നതിന് ഉത്തമ മാതൃകയായിരുന്നു മാധവൻ സാർ. സാമൂഹിക ബോധവും മൂല്യങ്ങളും ഉൾക്കൊണ്ട് നല്ലൊരു വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു എന്നത് സംശയാതീതമാണ്. പകരം വെക്കാനില്ലാത്ത വ്യക്തിത്വം,അതാണ് മാധവൻ സാർ.

വെഞ്ഞാറമൂട് കാവറ നന്ദനത്തിൽ ആയിരുന്നു താമസം. റിട്ടയേഡ് സ്കൂൾ അധ്യാപിക ബി. വി. വിജയലക്ഷ്മിയാണ് ഭാര്യ.

മാധവൻ സാർ വിടവാങ്ങുമ്പോൾ, കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ഒരു യുഗമാണ് അവസാനിക്കുന്നത്. എന്നാൽ അദ്ദേഹം തെളിച്ചുപിടിപ്പിച്ച അറിവിന്റെ ദീപങ്ങൾ, അനവധി ശിഷ്യരുടെ ജീവിതത്തിലൂടെ ഇനിയും അനന്തകാലം പ്രകാശിച്ചുകൊണ്ടേയിരിക്കും.

 

ആറ്റിങ്ങൽ വാർത്ത സ്പെഷ്യൽ ഫീച്ചർ (attingalvartha.com)

എഴുതിയത്: യാസിർ. എസ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!