കിളിമാനൂർ അപകടം – മൂന്ന് പോലീസുകാർക്ക് സസ്‌പെൻഷൻ

Attingal vartha_20260122_214313_0000

കിളിമാനൂർ: കിളിമാനൂരിൽ നടന്ന ഗുരുതര വാഹനാപകടം കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്ന് മൂന്നു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കിളിമാനൂർ എസ്.എച്ച്.ഒ. ബി. ജയൻ, എസ്.ഐ.മാരായ അരുൺ, ഷജിം എന്നിവർക്കാണ് സസ്പെൻഷൻ ലഭിച്ചത്. കേസന്വേഷണത്തിൽ ഗുരുതരമായ അനാസ്ഥയും നടപടിക്രമങ്ങളിൽ പിഴവുകളും ഉണ്ടായതായി ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

കേസിലെ മുഖ്യപ്രതി വളളക്കടവ് സ്വദേശി വിഷ്ണുവിനെ ഒളിവിൽ പോകാൻ സഹായിച്ച സുഹൃത്ത് ആദർശിനെയും പൊലീസ് അറസ്റ്റ് ചെയ്തു. വിഷ്ണുവിനെ രക്ഷപ്പെടാൻ സഹായിച്ചത് ആദർശാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായും പൊലീസ് അറിയിച്ചു.

ഈ മാസം 3-നാണ് കിളിമാനൂർ പാപ്പാലയിൽ അപകടം നടന്നത്. കിളിമാനൂർ സ്വദേശി രജിത്തും ഭാര്യ അംബികയും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ പിന്നിൽ നിന്ന് ജീപ്പ് ഇടിക്കുകയായിരുന്നു. അപകടത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച ജീപ്പ് ഡ്രൈവർ, അംബികയുടെ തലയിലൂടെ വാഹനം കയറ്റിയിറക്കി പോസ്റ്റിൽ ഇടിച്ചു. വീണ്ടും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ ജീപ്പ് തടഞ്ഞുവച്ചു.

മദ്യലഹരിയിലായിരുന്ന വാഹന ഉടമയായ വിഷ്ണുവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയെങ്കിലും പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അംബിക ജനുവരി ഏഴിനും, രജിത്ത് ഈ മാസം ഇരുപതിനും ചികിത്സയിലിരിക്കെ മരണപ്പെട്ടു.

അപകടം നടന്നതിന് ശേഷവും പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചതെന്ന ആരോപണം ശക്തമായിരുന്നു. കേസ് ആദ്യം മനപൂർവമല്ലാത്ത നരഹത്യ വകുപ്പിൽ മാത്രമാണ് രജിസ്റ്റർ ചെയ്തതെന്നും, ഉന്നതരെ രക്ഷിക്കാൻ ശ്രമിച്ചുവെന്നുമാണ് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നുവെങ്കിലും തുടക്കത്തിൽ നടപടിയുണ്ടായില്ല.

അംബികയുടെ മരണത്തിന് പിന്നാലെ ശക്തമായ ജനകീയ പ്രതിഷേധവും സമ്മർദ്ദവും ഉയർന്നതോടെ മാത്രമാണ് നരഹത്യ വകുപ്പ് കേസിൽ ഉൾപ്പെടുത്തിയതെന്ന് ആരോപണമുണ്ട്. കുറ്റക്കാരെ ഉടൻ പിടികൂടുമെന്ന് പൊലീസിന്റെ ഉറപ്പിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!