
കടയ്ക്കാവൂർ: കടയ്ക്കാവൂർ തിനവിളയിൽ കിണറ്റിൽവീണ യുവാവിനെയും രക്ഷിക്കാനിറങ്ങിയ അയൽവാസിയേയും ആറ്റിങ്ങൽ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാത്രി പത്തരമണിയോടെയാണ് സംഭവം. തിനവിള അപ്പുപ്പൻ നടയ്ക്ക് സമീപം നെടിയവിളവീട്ടിൽ സുനിയാണ് വീട്ടുമുറ്റത്തെ ഏകദേശം 30 അടി താഴ്ചയും 10 അടിയോളം വെള്ളവുമുള്ള കിണറ്റിൽ അകപ്പെട്ടത്. തുടർന്ന് രക്ഷിക്കാനിറങ്ങിയ അയൽവാസി ബിനുവും കിണറ്റിൽ അകപ്പെട്ടു പോയി.
നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് ആറ്റിങ്ങൽ അഗ്നിശമനരക്ഷാസേന ഗ്രേഡ്സ്റ്റേഷൻഓഫീസർ സി.ആർ.ചന്ദ്രമോഹൻ്റെ നേതൃത്വത്തിൻ ഫയർ ഓഫീസർമാരായ വിക്രമരാജ്, രതീഷ്, ഫയർഓഫീസർ ഡ്രൈവർമാരായ പ്രശാന്ത് വിജയ്, മനീഷ്ക്രിസ്റ്റഫർ, ഹോം ഗാഡ് മാരായ അരുൺ എസ് കുറുപ്പ്, പ്രജീബ് എന്നിവർ സ്ഥലത്തെത്തി സുനിയേയും ബിനുവിനേയും നെറ്റും റോപ്പും ഉപയോഗിച്ച് സുരക്ഷിതമായി കരയ്ക്കെത്തിച്ചു. കൈക്ക് പരിക്കേറ്റ സുനിയെ സേനയുടെ ആംബുലൻസിൽ വലിയകുന്ന് ഗവ: ആശുപത്രിയിലെത്തിച്ചു


