റിപബ്ലിക് ദിന പരേഡിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കേരളത്തില്‍ നിന്നുള്ള എന്‍സിസി സംഘം.

Attingal vartha_20260125_212755_0000

റിപബ്ലിക് ദിന പരേഡിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കേരളത്തില്‍ നിന്നുള്ള എന്‍സിസി സംഘം. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ദേശീയ യുദ്ധ സ്മാരകത്തില്‍ കേരള, ലക്ഷദ്വീപ് ഡയറക്ട്രേറ്റിലെ എന്‍സിസി ബാന്‍ഡ് സംഘം പരേഡ് അവതരിപ്പിച്ചു.

സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് നടന്ന പരേഡില്‍ ആണ്‍കുട്ടികളുടെ 45 അംഗ സംഘമാണ് പങ്കെടുത്തത്. വിവിധ സൈനിക ഫോര്‍മേഷനുകളുടെ പ്രദര്‍ശനവും സൈനിക സംഗീതവും സംഘം അവതരിപ്പിച്ചു.

കേരള, ലക്ഷദ്വീപ് ഡയറക്ട്രേറ്റില്‍ നിന്നും ഇക്കുറി 172 അംഗ സംഘമാണ് റിപ്പബ്ളിക് ദിന പരേഡില്‍ പങ്കെടുക്കുന്നത്. ഇതില്‍ 45 കേഡറ്റുകളാണ് ബാന്‍ഡ് സംഘത്തിലുള്ളത്.

കേരള, ലക്ഷദ്വീപ് ഡയറക്ട്രേറ്റില്‍ നിന്നുള്ള ആണ്‍കുട്ടികളുടെ ബാന്‍ഡ് സംഘത്തിന് ആദ്യമായാണ് ഈ അവസരം ലഭിക്കുന്നത് എന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ബാന്‍ഡ് സംഘത്തെ കൂടടാതെ 80 കേഡറ്റുകള്‍ ഡ്രില്ലില്‍ പങ്കെടുക്കും. ഗാര്‍ഡ് ഓഫ് ഓണര്‍, കര്‍ത്തവ്യപഥ്, പിഎം റാലി എന്നീ ഇനങ്ങളാണ് ഡ്രില്ലില്‍ ഉള്ളത്. 44 കുട്ടികള്‍ കേരളത്തിന്റെ തനിമ വിളിച്ചോതുന്ന വിവിധ കലാപരിപാടികളില്‍ പങ്കെടുക്കും. മൂന്ന് കുട്ടികള്‍ ഹോഴിസ് റൈഡിംഗിലും പങ്കെടുക്കും.

ആര്‍ഡിസി കണ്ടിജന്റ് കമാണ്ടര്‍ കേണല്‍ ജയശങ്കര്‍ ചൗധരി സേനാമെഡല്‍ (കമാന്‍ഡിംഗ് ഓഫീസര്‍ സിസി തിരുമല) ആണ് കേരള ലക്ഷദ്വീപ് ഡയറക്ട്രേറ്റിന് നേതൃത്വം വഹിക്കുന്നത്. ഈ സംഘത്തില്‍ ജെസിഓ മാരായ സുബേദാര്‍ മുഹമ്മദ് അഷ്രഫ്, ഗിരീഷ് കുമാര്‍, എന്‍സിഓമാരായ ഹവീല്‍ദാര്‍ ആന്റണി ജെ, പ്രവീണ്‍, സതീഷ് എന്നിവരും അസോസിയേറ്റ് എന്‍സിസി ഓഫീസറായ ലഫ.ഡോ.ബിനുകുമാര്‍.ബി.ജെ (എം.ജി കോളജ് തിരുവനന്തപുരം), സെക്കന്‍ഡ് ഓഫീസര്‍ അസീന ദിലീപ്, ജി.സി.ഐ ആയ ഒ.ബീന, ക്ളാര്‍ക്കായ അനൂപ് എസ് നായര്‍, ലസ്‌കര്‍മാരായ നജീബ് ഖാന്‍, പത്മകുമാര്‍ എന്നിവരും സംഘത്തിലുണ്ട്.

ഡിസംബര്‍ 28 മുതല്‍ ഡല്‍ഹിയില്‍ നടക്കുന്ന ക്യാമ്പിലെ പരിശീലനത്തിനു ശേഷമാണ് സംഘം റിപബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നത്. വ്യോമ സേന, കരസേന, നാവികസേന മേധാവിമാര്‍ ക്യാമ്പില്‍ സന്ദര്‍ശനം നടത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!