
വക്കം: ചെന്നൈയിൽ വിഷവാതകം ശ്വസിച്ചതിനെ തുടർന്ന് വക്കം സ്വദേശി മരിച്ചു. വക്കം സ്വദേശിയായ ശ്രീദാസ് സത്യദാസ് ആണ് മരിച്ചത്. ചെന്നൈയിലെ ഡെലിവർ ഹെൽത്ത് എന്ന സ്ഥാപനത്തിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. കമ്പനി അനുവദിച്ച നാനാ ഹോമിലെ താമസസ്ഥലത്തായിരുന്നു സംഭവം.
പൊങ്കൽ അവധിയുമായി ബന്ധപ്പെട്ട് താമസമുറികളിൽ കീടനാശിനി പ്രയോഗിച്ചിരുന്നുവെങ്കിലും, ഇക്കാര്യം ശ്രീദാസിനെ അറിയിച്ചിരുന്നില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മുറിയിൽ തിരിച്ചെത്തി വിശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.
മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. സംഭവത്തെ തുടർന്ന് ചൂരൽമേട് പോലീസ് മുറി പരിശോധിച്ചപ്പോൾ, കട്ടിലിനടിയിൽ നിന്നും മൂട്ടനാശിനിക്ക് ഉപയോഗിക്കുന്ന മരുന്ന് കണ്ടെത്തിയതായാണ് റിപ്പോർട്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് അറിയിച്ചു.


