
രാജകുമാരി ഗ്രൂപ്പിന്റെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയായ “കനിവിനൊരു കൈത്താങ്ങ്” പദ്ധതിയുടെ ഭാഗമായി, യു & ആർ കെ ബ്ലഡ് ഡൊണേഷൻ വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്ന് പത്തനംതിട്ട ടൗണിൽ ബോധവത്കരണ റാലി സംഘടിപ്പിച്ചു.
രക്തദാനത്തിന്റെ മഹത്വം പൊതുജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് റാലി നടത്തിയത്. ഇതോടൊപ്പം തന്നെ മദ്യവും മയക്കുമരുന്നുകളുടെയും ഉപയോഗത്തിനെതിരായ ശക്തമായ സന്ദേശങ്ങൾ നൽകുന്ന പ്ലക്കാഡുകൾ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് പങ്കാളികൾ റാലിയിൽ അണിനിരന്നത്.
സമൂഹത്തിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും യുവതലമുറയെ ലഹരിമുക്തമായ വഴിയിലേക്ക് നയിക്കാനും ഇത്തരം ബോധവത്കരണ പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.
രാജകുമാരി ഗ്രൂപ്പിന്റെ കൈത്താങ്ങ് പദ്ധതി വഴി സാമൂഹിക ഉത്തരവാദിത്വ പ്രവർത്തനങ്ങൾ തുടർന്നും പത്തനംത്തിട്ടയിൽ ശക്തിപ്പെടുത്തുമെന്നും, രക്തദാനവും ലഹരിവിരുദ്ധ പ്രവർത്തനങ്ങളും ഉൾപ്പെടെയുള്ള പൊതുജനാരോഗ്യ പ്രവർത്തനങ്ങൾക്ക് സ്ഥിരമായ പിന്തുണ നൽകുമെന്നും നേതൃത്വം അറിയിച്ചു.റാലിയുടെ ഉദ്‌ഘാടനം പത്തനംത്തിട്ട ഡി വൈ എസ് പി എസ്.നുഅ്മാൻ നിർവഹിച്ചു.
വെരി റവ.ജോൺസൺ കല്ലിട്ടത്തിൽ കോർ എപ്പിസ്കോപ്പ (ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസന സെക്രട്ടറി) പത്തനംത്തിട്ട എസ്.എച്ച്.ഒ അരുൺ അലങ്കാർ ഗ്രുപ്പ് എംഡി അഷ്‌റഫുദീൻ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു .രാജകുമാരി ഗ്രൂപ്പ് ഡയറക്ടർമാർ രാജകുമാരി ഗ്രൂപ്പ് ജീവനക്കാർ ഉൾപ്പെടെ ഇരുന്നുറിലധികം പേർ റാലിയിൽ പങ്കെടുത്തു


