
ആറ്റിങ്ങൽ: അമിത വേഗതയിൽ വന്ന ടിപ്പർ ലോറി സ്വകാര്യ ബസ്സിൽ ഇടിച്ച് അപകടം. ഇന്ന് രാവിലെ കവലയൂർ ഗുരു മന്ദിരത്തിന് സമീപത്തുള്ള കൊച്ചു പാലത്തിനടുത്താണ് സംഭവം.
ആറ്റിങ്ങലിൽൽ നിന്നും വർക്കല ഭാഗത്തേക്ക് പോയ ആർ കെ വി ബസ്സും കവലയൂർ ഭാഗത്തേക്ക് വന്ന ടിപ്പറുമാണ് അപകടത്തിൽ പെട്ടത്. കൊച്ചു പാലത്തിനടുത്ത് വെച്ച് അമിത വേഗതയിൽ വന്ന ടിപ്പർ ലോറി ഓട്ടോയെ ഓവർ ടേക്ക് ചെയ്ത് വന്ന് നിയന്ത്രണം വിട്ട് ബസ്സിൽ ഇടിക്കുകയായിരുന്നു. .
ഇടിയുടെ ആഘാതത്തിൽ ബസ് സമീപത്തുള്ള വീടിന്റെ മതിലിടിച്ച് ഓടയിലേക്ക് ചരിഞ്ഞു. ടിപ്പർ ലോറി ഓട്ടോയിലും ഇടിച്ച ശേഷമാണ് ബസ്സിലേക്ക് ഇടിച്ചു കയറിയത്.
ബസ്സിൽ ഉണ്ടായിരുന്ന ഏഴോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വർക്കല താലൂക്ക് ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ടിപ്പർ ലോറിയിലെ ഡ്രൈവർക്കും പരിക്കേറ്റു. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. റിക്കവറി വാഹനം ഉപയോഗിച്ച് ബസും ലോറിയും അപകട സ്ഥലത്ത് നിന്ന് മാറ്റി. വർക്കല ഫയർ ഫോഴ്സ് റോഡിൽ വീണ ബസിന്റെ ഭാഗങ്ങളും ചില്ലുകളും വെള്ളം ചീറ്റി കഴുകി. കല്ലമ്പലം പോലീസ് തുടർനടപടികൾ സ്വീകരിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി അപകട സ്ഥലം സന്ദർശിച്ചു.


