
വർക്കല: ഡ്യൂട്ടിക്കിടെ ലൈഫ് ഗാർഡിനെ തെരുവ് നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ച സംഭവമുണ്ടായി. വർക്കല മാന്തറ ബീച്ചിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വെമ്പായം സ്വദേശി ഗോകുലിനെയാണ് നായ്ക്കൾ കടന്നാക്രമിച്ചത്. ആക്രമണത്തിൽ ഗോകുലിന്റെ കാലിന് പരിക്കേറ്റു.
കഴിഞ്ഞ ദിവസം ഡ്യൂട്ടി അവസാനിപ്പിച്ച് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. യാതൊരു പ്രകോപനവുമില്ലാതെ എത്തിയ തെരുവ് നായ്ക്കൾ ഗോകുലിനെ വളഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. ഗോകുലിന്റെ നിലവിളി കേട്ട് സമീപവാസികളും മറ്റ് തൊഴിലാളികളും സ്ഥലത്തെത്തി നായ്ക്കളെ ഓടിച്ചുവിട്ടാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. തുടർന്ന് ഉടൻ തന്നെ ഗോകുലിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പാപനാശം ബീച്ചിന് സമീപത്തായാണ് മാന്തറ ബീച്ച് സ്ഥിതി ചെയ്യുന്നത്. പാപനാശം ഉൾപ്പെടെ വർക്കലയിലെ വിവിധ തീരദേശ മേഖലകളിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
വിനോദസഞ്ചാരികൾക്കും ലൈഫ് ഗാർഡുകൾ ഉൾപ്പെടെയുള്ള പ്രാദേശിക തൊഴിലാളികൾക്കും ഭീഷണിയായ രീതിയിൽ തെരുവ് നായകൾ പെരുകുന്നത് തടയാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.


