
ആറ്റിങ്ങൽ: “പൊയ്കമുക്കിലെ സഞ്ചരിക്കുന്ന ബാർ” എന്നറിയപ്പെട്ട മുൻ അബ്കാരി കേസ് പ്രതിയെ ആറ്റിങ്ങൽ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മുദാക്കൽ പൊയ്കമുക്ക് പഞ്ചമിയിൽ അനിൽകുമാർ (59) ആണ് പിടിയിലായത്.
KL 21 Q 783 നമ്പർ ആക്ടിവ സ്കൂട്ടർ ഉപയോഗിച്ച് മദ്യവിൽപ്പന നടത്തുന്നതിനിടെയാണ് പ്രതിയെ ആറ്റിങ്ങൽ എക്സൈസ് സംഘം പിടികൂടിയത്. ഫോൺ വഴി ആവശ്യപ്പെടുന്നവർക്കു ഏത് സമയത്തും വീടുകളിൽ എത്തിച്ച് മദ്യം നൽകുന്ന രീതിയിലായിരുന്നു അനിൽകുമാറിന്റെ പ്രവർത്തനം. ഈ രീതിയിലാണ് ഇയാൾ പ്രദേശത്ത് “സഞ്ചരിക്കുന്ന ബാർ” എന്ന പേരിൽ അറിയപ്പെട്ടിരുന്നതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
മുൻപും അനധികൃത മദ്യവിൽപ്പന കേസിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ് അനിൽകുമാർ. ജയിൽ മോചിതനായ ശേഷം വീണ്ടും വ്യാപകമായി അനധികൃത മദ്യവിൽപ്പന നടത്തിവരവെയാണ് ഇയാൾ വീണ്ടും പിടിയിലായത്.
പ്രതിയിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മദ്യം, മദ്യവിൽപ്പനയിലൂടെ ലഭിച്ച പണം, ഉപയോഗിച്ചിരുന്ന സ്കൂട്ടർ, മൊബൈൽ ഫോൺ എന്നിവ എക്സൈസ് സംഘം കണ്ടെടുത്തു.
പ്രതിയെ 2026 ഫെബ്രുവരി 2ന് കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് റിമാൻഡ് ചെയ്ത് ജയിലിലടച്ചു.
ആറ്റിങ്ങൽ എക്സൈസ് സർക്കിൾ പാർട്ടിയിലെ എക്സൈസ് ഇൻസ്പെക്ടർ രചന, പ്രിവൻറ്റീവ് ഓഫീസർമാരായ ശ്രീജിത്ത്, ദേവിപ്രസാദ്, ഷജീർ, സിവിൽ എക്സൈസ് ഓഫീസർമാരായ മഹേഷ്, ഷെരീഫ്, ആദർശ് എന്നിവരടങ്ങിയ സംഘമാണ് നടപടി സ്വീകരിച്ചത്.


