
ആലംകോട്: ദേശീയ പാതയിൽ ആലംകോട് ജംഗ്ഷനിൽ നിയന്ത്രണം വിട്ട വാഹനം ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം. ഇന്ന് പുലർച്ചെ മൂന്നര മണി കഴിഞ്ഞാണ് സംഭവം.
കൊല്ലം ഭാഗത്ത് നിന്ന് വന്ന കാർ ആലംകോട് ജംഗ്ഷനിൽ പെട്രോൾ പമ്പിനു എതിർവശമുള്ള ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറി. വാഹനം ഓടിച്ചിരുന്ന ആഷിക്ക്, കൂടെ ഉണ്ടായിരുന്ന അഫ്സൽ, അജിൻ എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തിൽ സമീപത്തുള്ള മൊബൈൽ കടയ്ക്കും കേടുപാട് സംഭവിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണോ അപകടത്തിന് കാരണം എന്നാണ് സംശയം. ആറ്റിങ്ങൽ ഫയർ ഫോഴ്സും പോലീസും സ്ഥലത്തെത്തി. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.
അതേ സമയം, ഈ ഭാഗത്ത് യാതൊരു വിധ മുന്നറിയിപ്പും ഇല്ലാതെ അപകടകരമായി നിലകൊള്ളുന്ന ഡിവൈഡർ കാരണം ഇവിടെ രാത്രി കാലങ്ങളിൽ അപകടങ്ങൾ പതിവാണ്. കടകളിൽ നിന്നുള്ള ലൈറ്റി ന്റെ പ്രകാശം അല്ലാതെ ഡിവൈഡറുള്ള ഭാഗത്ത് തെരുവ് വിളക്ക് ഇല്ല. അത് കാരണം വാഹനങ്ങൾ അടുത്തെത്തുമ്പോൾ മാത്രമാണ് പലപ്പോഴും ഡിവൈഡർ ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടുന്നത്. ഡിവൈഡറിൽ ഇടിക്കാതിരിക്കാൻ വേഗതയിൽ വരുന്ന വാഹനങ്ങൾ വെട്ടിച്ചു മാറ്റുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.


