
വർക്കല: വർക്കല കിളിത്തട്ടുമുക്ക് ക്ഷേത്രത്തിന് മുൻവശം റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയ സംഭവത്തിൽ ബൈക്ക് ഉടമയും സുഹൃത്തുക്കളും നടത്തിയ തിരച്ചിലിനൊടുവിൽ വാഹനം കണ്ടെത്തി. തുടർന്ന് പ്രതികളിലൊരാളെ പിടികൂടി പൊലീസിന് കൈമാറുകയും, പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ രണ്ടാം പ്രതിയെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
ശ്രീനിവാസപുരം സ്വദേശി അമൽ സജീവിന്റെ ബൈക്കാണ് മോഷണം പോയത്. സംഭവത്തിൽ ഇടുക്കി തോപ്രാംകുടി സ്വദേശി രാഹുൽ (20), വർക്കല പാളയംകുന്നിൽ വാടകയ്ക്ക് താമസിക്കുന്ന ജയേഷ് (വിഷ്ണു-18) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
മോഷണത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ സഹിതം അമൽ വർക്കല പൊലീസിൽ പരാതി നൽകിയെങ്കിലും, സ്വന്തം നിലയിലും അന്വേഷണം തുടരുകയായിരുന്നു. ചൊവ്വാഴ്ച രാത്രി സുഹൃത്തുക്കളോടൊപ്പം വിവിധ പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് ബൈക്ക് കണ്ടെത്തിയത്.
പിടിക്കപ്പെടാതിരിക്കാൻ നമ്പർ പ്ലേറ്റ് മാറ്റുകയും, സീറ്റ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ സ്പ്രേ പെയിന്റ് അടിച്ച് നിറം മാറ്റുകയും ചെയ്ത നിലയിലാണ് പ്രതികൾ വാഹനം ഉപയോഗിച്ചിരുന്നത്. സംശയം തോന്നി ബൈക്ക് തടഞ്ഞപ്പോൾ അമൽ വാഹനം തിരിച്ചറിയുകയായിരുന്നു.
ഇതിനിടെ പ്രതികളിലൊരാളായ ജയേഷ് ഓടി രക്ഷപ്പെട്ടെങ്കിലും, ബൈക്ക് ഓടിച്ചിരുന്ന രാഹുലിനെ അമലും സുഹൃത്തുക്കളും ചേർന്ന് പിടികൂടി പൊലീസിന് കൈമാറി. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് ജയേഷിനെ പിടികൂടി.


