
ആറ്റിങ്ങൽ: ആറ്റിങ്ങൽ–അയിലം റൂട്ടിൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തേണ്ട അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന പരാതിയുമായി ബസ് ജീവനക്കാർ രംഗത്ത്. സ്വകാര്യ ബസ് മേഖലയെ തകർക്കുന്ന രീതിയിൽ ചില ഓട്ടോറിക്ഷകൾ ഈ റൂട്ടിൽ തുടർച്ചയായി പാരലൽ സർവീസ് നടത്തുന്നതായി ബസ് ജീവനക്കാരുടെ പരാതി.
ബസുകളുടെ സമയം കൃത്യമായി നോക്കി ബസിന് തൊട്ടുമുൻപ് ഓട്ടോറിക്ഷകൾ റൂട്ടിൽ പാരലൽ സർവീസ് നടത്തി യാത്രക്കാരെ എടുത്തുപോകുന്നതാണ് പ്രശ്നമെന്നും ഇതുമൂലം ബസുകളിൽ യാത്രക്കാർ കുറയുകയും വൻ സാമ്പത്തിക നഷ്ടം നേരിടേണ്ടി വരികയുമാണെന്ന് ബസ് ജീവനക്കാർ വ്യക്തമാക്കി.
മുൻപ് പലതവണ പോലീസ്, ആർ.ടി.ഒ എന്നിവരെ അറിയിച്ചതിനെ തുടർന്ന് നടപടികൾ സ്വീകരിച്ച് പാരലൽ സർവീസ് താൽക്കാലികമായി തടഞ്ഞിരുന്നുവെന്നും എന്നാൽ ഇപ്പോൾ വീണ്ടും ചില ഓട്ടോറിക്ഷ ഡ്രൈവർമാർ മനഃപൂർവം ബസ് ജീവനക്കാരെ വെല്ലുവിളിച്ച് പാരലൽ സർവീസ് തുടരുകയാണെന്നും ബസ് ജീവനക്കാർ പറഞ്ഞു.
സ്ഥിരമായി പാരലൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ നമ്പർ ഉൾപ്പെടെ രേഖപ്പെടുത്തി ആറ്റിങ്ങൽ പോലീസിനും ആർ.ടി.ഒയ്ക്കും പരാതി നൽകിയിട്ടുണ്ടെന്നും ബസ്സ് ജീവനക്കാർ അറിയിച്ചു.


