
ആറ്റിങ്ങൽ: ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പരുത്തൂർ പാലത്തിന് സമീപംവെച്ച് ചെമ്പൂർ കുറുമൻകാട് സ്വദേശി രാജുവിനെ തടഞ്ഞുനിർത്തി മർദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
കോലിയക്കോട് ആലിയാട് വെള്ളാണിക്കൽ കിഴക്കുംകര പുത്തൻ വീട്ടിൽ അപ്പൂസ് എന്ന് വിളിക്കുന്ന അജിത്ത് (25), വെള്ളാണിക്കൽ കിഴക്കുംകര വീട്ടിൽ ചെമ്പൻ എന്ന് വിളിക്കുന്ന വിനോദ്(36) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ 16-ന് വൈകിട്ട് പരുത്തൂർ പാലത്തിന് സമീപം മോട്ടോർസൈക്കിളിൽ വീട്ടിലേക്ക് പോകുകയായിരുന്ന രാജുവിനെ പ്രതികൾ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ രാജുവിന് നട്ടെല്ലിനും മൂക്കിലെ അസ്ഥിക്കും പൊട്ടലേറ്റ് ഗുരുതര പരിക്കുകളോടെ രാജു തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ആറ്റിങ്ങൽ ഡിവൈഎസ്പി സന്തോഷ് കുമാർ ജി.യുടെ നിർദേശപ്രകാരം ആറ്റിങ്ങൽ എസ്.എച്ച്.ഒ. അജയൻ ജെയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സിതാര മോഹൻ, ബിജു ഡി എന്നിവരും സി.പി.ഒമാരായ അനന്തു, വിഷ്ണുലാൽ എന്നിവരും അടങ്ങിയ സംഘമാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


