സ്ത്രീശക്തി പുരസ്‌കാരം രോഷ്നിക്ക്

Attingal vartha_20260220_104702_0000

നെടുമങ്ങാട്: പാമ്പ് കയറിയെന്നൊരു ഫോൺവിളി ലഭിച്ചാൽ മതി, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജി.എസ്. രോഷ്‌നി ഉടൻ സ്ഥലത്തെത്തി ശാസ്ത്രീയ രീതിയിൽ പാമ്പിനെ പിടികൂടും. രോഷ്‌നി എത്തുന്നുവെന്നറിഞ്ഞാൽ നാട്ടുകാർക്കും ആശ്വാസമാണ്. കൃത്യതയും ധൈര്യവും കൊണ്ടാണ് അവർ ജനശ്രദ്ധ നേടിയത്.

വനിതാ കമ്മീഷന്റെ ഇത്തവണത്തെ സ്ത്രീശക്തി പുരസ്‌കാരം ജനസേവനത്തിനുള്ള അംഗീകാരമായി രോഷ്‌നിക്ക് ലഭിച്ചു.

വിതുര പേപ്പാറ മരുതൻമൂട് ജനവാസമേഖലയിൽ കണ്ടെത്തിയ രാജവെമ്പാലയെ വെറും ആറു മിനിറ്റിനുള്ളിൽ പിടികൂടിയ സംഭവമാണ് ശ്രദ്ധേയമായത്.

എട്ടുവർഷത്തിനിടെ ഏകദേശം 170 പെരുമ്പാമ്പുകളെയും 800-ലധികം മറ്റു പാമ്പുകളെയും പിടികൂടി സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് മാറ്റിയിട്ടുണ്ട്. 2017-ലാണ് വനംവകുപ്പിൽ സേവനം ആരംഭിച്ചത്. നിലവിൽ പരുത്തിപ്പള്ളി റേഞ്ച് ഫോറസ്റ്റ് ഓഫീസിലാണ് ജോലി ചെയ്യുന്നത്.2021 മുതൽ ജില്ലയിലെ ഫോറസ്റ്റ് റാപ്പിഡ് റെസ്‌പോൺസ് ടീമിലും അംഗമാണ്. ശാസ്ത്രീയ പാമ്പുപിടിത്തത്തിൽ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്.

സാമൂഹ്യസേവന രംഗത്തെ പ്രവർത്തനങ്ങൾക്ക് ഗ്ലോബൽ ഹ്യൂമൻ പീസ് യൂണിവേഴ്സിറ്റി 2025-ൽ ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും ഇതിനകം നേടിയിട്ടുണ്ട്.

സംസ്ഥാന സർക്കാരിന്റെയും വനിതാ ശിശുവികസന വകുപ്പിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വനിതാ ജങ്ഷൻ പരിപാടികളിൽ സജീവ സാന്നിധ്യമാണ്. ദൂരദർശനിൽ അനൗൺസറായും വാർത്താവായനക്കാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആകാശവാണിയിലും പ്രവർത്തിച്ചിട്ടുണ്ട്.

നെടുമങ്ങാട് കുളപ്പട സ്വദേശിനിയായ രോഷ്‌നിയുടെ ഭർത്താവ് സഹകരണവകുപ്പ് സീനിയർ ഇൻസ്പെക്ടർ സജിത് കുമാറാണ്. മക്കൾ: ദേവനാരായണൻ, സൂര്യനാരായണൻ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!