
ആറ്റിങ്ങൽ: നഗരസഭ ആരോഗ്യവിഭാഗം നഗരപരിധിയിലെ ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ ദിവസങ്ങൾ പഴകിയ ഭക്ഷണം പിടികൂടിയ സംഭവത്തിൽ നടപടി സ്വീകരിച്ചതായി നഗരസഭ ചെയർമാൻ എം. പ്രദീപ് അറിയിച്ചു.
കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ നഗരസഭ പരിധിയിലെ ഏകദേശം 12 ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം കണ്ടെത്തിയതെന്നാണ് വിവരം. എന്നാൽ പിടികൂടിയ ഹോട്ടലുകളുടെ പേരുകൾ വെളിപ്പെടുത്താൻ ഉദ്യോഗസ്ഥർ തയ്യാറായിരുന്നില്ല.
ഇതുമായി ബന്ധപ്പെട്ട് നഗരസഭ ചെയർമാനോട് ആറ്റിങ്ങൽ വാർത്ത ഡോട്ട് കോം പ്രതികരണം തേടിയപ്പോൾ, പരിശോധനകൾ ആറ്റിങ്ങലിൽ സ്ഥിരമായി നടത്താറുണ്ടെന്നും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ നടപടി സ്വീകരിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
“പരിശോധനകൾ തുടർച്ചയായി ആറ്റിങ്ങലിൽ നടക്കാറുണ്ട്. നിയമ ലംഘനങ്ങൾക്ക് എതിരെ നടപടികളും സ്വീകരിക്കാറുണ്ട്. ആദ്യ ഘട്ടത്തിൽ എന്ന നിലയിൽ പഴകിയ ഭക്ഷണം പിടികൂടിയ ഹോട്ടലുകൾക്ക് എതിരെ നടപടി സ്വീകരിക്കുകയും പിഴ ചുമത്തുകയും ചെയ്തു. തത്കാലം ഹോട്ടലുകളുടെ പേരുകൾ പറയണ്ട എന്നാണ് തീരുമാനം. ഹോട്ടലുകാരെ കൊല്ലാൻ അല്ല, അവരെ നേരായ മാർഗത്തിലേക്ക് കൊണ്ട് വരാൻ ആണ് ശ്രമം. ഇപ്പോൾ ഹോട്ടലുകളുടെ പേരുകൾ പറയാത്തത്തിൽ ഉദ്യോഗസ്ഥർക്ക് പങ്കില്ല, ഞാൻ ആണ് പേരുകൾ തത്കാലം പറയണ്ട എന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞത് .തുടർന്നു ഇത്തരം സംഭവം ഉണ്ടായാൽ പിഴ മാത്രമല്ല ഹോട്ടലുകളുടെ പേരുകൾ പ്രസിദ്ധീകരിക്കുകയും ഹോട്ടൽ പൂട്ടുന്ന നടപടികൾ ഉൾപ്പെടെ സ്വീകരിക്കും”. – എം പ്രദീപ് പറഞ്ഞു.


