
സി എം മൈഗാ ക്വിസ് ജില്ലാതല മത്സരത്തില്‍ ഇഞ്ചോടിഞ്ച് പൊരുതി ഒന്നാം സ്ഥാനം കൈവിട്ടുപോയവര്‍ക്ക് ഇരട്ടി മധുരമായി ഫൈനലിലെ വിജയം. കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള മെഗാ ക്വിസിന്റെ സ്കൂള്‍, കോളേജ് വിഭാഗങ്ങളിലെ ജില്ലാതല മത്സരങ്ങളില്‍ ആവേശോജ്ജ്വലമായ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും അവസാനലാപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ സ്കൂള്‍- കോളേജ് ടീമുകളാണ് ഫൈനലില്‍ ഒന്നാമതെത്തിയത്.
വാശിയേറിയ ജില്ലാതലമത്സരത്തില്‍ ടൈ ബ്രേക്കറിലൂടെ സ്വന്തം ക്യാമ്പസ്സിലെ തന്നെ ടീമിനോട് ഒന്നാം സ്ഥാനം കൈവിട്ടുപോയ അശ്വതിയും ശ്രീഹരിയും മെഗാഫൈനലില്‍ കോളേജ് തലത്തില്‍ ഒന്നാമതെത്തിയപ്പോള്‍ ജില്ലാതല മത്സരത്തില്‍ രണ്ടാമതായ മടവൂര്‍ എന്‍. എസ്. എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അനന്യ പി.എസ്, നവനീത് കൃഷ്ണ യു.എസ് ടീമാണ് മെഗാഫൈനലില്‍ സ്കൂള്‍തല വിജയികള്‍.
കേരളാ യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിലെ വിദ്യാര്‍ഥികളായ അശ്വതിയും ശ്രീഹരിയും മൂന്നുലക്ഷം രൂപയും ട്രോഫിയുമടങ്ങുന്ന ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ ജില്ലാതല മത്സരത്തില്‍ ഇവരെ പിന്നിലാക്കിയ അനുജിത് കെ- അഭിരാമി യു ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലയ്ക്ക് അഭിമാനമേകി. ഒരുലക്ഷം രൂപയും ട്രോഫിയുമാണ് ഇവര്‍ക്ക് ലഭിച്ചത്.
എം.കോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ശ്രീഹരി എം,തൃശ്ശൂര്‍ മുണ്ടത്തിക്കോട് സ്വദേശികളായ ബാബുവിന്റെയും അമ്പിളിയുടെയും മകനാണ്. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശികളായ സുനില്‍, നിഷ ദമ്പതികളുടെ മകളാണ് അശ്വതി. വികസന വഴിയിലെ കേരളത്തിന്റെ മാറ്റങ്ങളെ കുറിച്ചും സാധാരണ ജനങ്ങള്‍ക്ക് വേണ്ടി നമ്മുടെ നാട്ടില്‍ നിലവിലുള്ള ധാരാളം വികസന പദ്ധതികളെകുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിന് സി എം മെഗാ ക്വിസ് സഹായിച്ചതായും ഇവര്‍ പറഞ്ഞു.
കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസിലെതന്നെ വിദ്യാര്‍ത്ഥികളാണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയ അനുജിത് കെയും അഭിരാമിയും. രണ്ടാം വര്‍ഷ എം.കോം. വിദ്യാര്‍ത്ഥിയായ അനുജിത്.കെ, പാലക്കാട് കരിമ്പുഴ കുറുന്തയില്‍ വീട്ടില്‍ വേണുഗോപാലന്‍ – ശോഭ ദമ്പതികളുടെ മകനാണ്. ഒന്നാം വര്‍ഷ എം.എ എക്കണോമിക്സ് വിദ്യാര്‍ത്ഥിനിയായ അഭിരാമി എസ്.ജി ഞാണ്ടൂര്‍ക്കോണം എസ് ജി ഭവനില്‍ സതികുമാറിന്റെയും ഗീതാ കുമാരിയുടെയും മകളാണ്.
സ്കൂള്‍ തലത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച നവനീത് കൃഷ്ണ് മടവൂര്‍ എന്‍. എസ്. എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥിയും അനന്യ പി.എസ് പ്ലസ് വണ്‍ സയന്‍സ് വിദ്യാര്ത്ഥിയുയുമാണ്. അഞ്ചുലക്ഷം രൂപയും ട്രോഫിയുമാണ് ഇവര്‍ക്ക് ലഭിച്ചത്.
മടവൂര്‍ നവനീതത്തിലെ ഉണ്ണികൃഷ്ണന് ശ്രീവിദ്യ ദമ്പതികളുടെ മകനാണ് നവനീത് കൃഷ്ണ. ചാലാംകോണം ഗീതാ ഭവനില്‍ സുനില്‍കുമാറിന്റെയും മടവൂര്‍ ഗവ. എല്‍ പി എസ് അധ്യാപിക പ്രീതയുടെയും മകളാണ് അനന്യ. അനന്യയുടെ പിതാവ് അഞ്ച് മാസം മുൻപാണ് അപകടത്തിൽ മരണപ്പെട്ടത്.
ചെറിയ ക്ലാസ് മുതല്‍ തന്നെ എല്ലാ ക്വിസ് കോമ്പറ്റീഷനിലും മത്സരിക്കുകയും ധാരാളം സമ്മാനങ്ങള്‍ നേടിയിട്ടു ഇവർ ദേശാഭിമാനി അക്ഷരമുറ്റം, കെപിഎസ്ടി യെ മെഗാ ക്വിസ്, ശാസ്ത്ര ക്വിസ് മത്സരങ്ങളില്‍ സംസ്ഥാനതല വിജയികൾ ആയിട്ടുണ്ട്.


