
അഞ്ചര കോടിയിലധികം രൂപ മിച്ചം വരുന്ന ബജറ്റ്
പൊതുമരാമത്ത് പദ്ധതികൾക്ക് 40 കോടി
ആധുനികതയും പാരമ്പര്യവും കൈകോർക്കുന്ന, പാർശ്വവത്കരിക്കപ്പെട്ടവർക്ക് കൈത്താങ്ങാകുന്ന വികസന മാതൃക അവതരിപ്പിച്ച് ജില്ലാ പഞ്ചായത്ത് ബജറ്റ്. 2025 ഡിസംബറിൽ അധികാരത്തിലെത്തിയ പുതിയ ഭരണ സമിതിയുടെ ആദ്യ ബജറ്റാണിത്. പരിസ്ഥിതിയെ മുറിപ്പെടുത്താത്ത വികസനം, പുത്തൻ തൊഴിലവസരങ്ങൾ, മികച്ച വിദ്യാഭ്യാസം എന്നിവയ്ക്ക് പ്രത്യേക കരുതൽ നൽകുന്നതാണ് പുതിയ ബജറ്റ്.
എല്ലാ മേഖലകളേയും സ്പർശിച്ചുകൊണ്ടുള്ള സമഗ്ര ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി പറഞ്ഞു. ഭിന്നശേഷിക്കാർക്കും വിദ്യാർത്ഥികൾക്കും ട്രാൻസ്ജെൻഡേഴ്സിനും പ്രത്യേക പദ്ധതികളുണ്ട്. ഈ വർഷം വനിതാ ഫെസ്റ്റും സ്കൂൾ ശാസ്ത്രമേളയും സംഘടിപ്പിക്കും. പാലോട് മിനി വ്യവസായ പാർക്ക് ആരംഭിക്കും. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 78 സ്കൂളുകളിൽ ഓപ്പൺ ജിം തുറക്കും.
സ്കൂൾ വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് കൗൺസലിംഗ്, ആയുർവേദ ടൂറിസം, നന്ദിയോട് ഡിഅഡിക്ഷൻ സെന്റർ, സ്കൂൾ കൂട്ടികൾക്ക് പാലിയേറ്റീവ് ക്ലബ്, ഫാം ടൂറിസം, നിയമ സാക്ഷരതാ പദ്ധതി എന്നിങ്ങനെ സമഗ്രമായ പദ്ധതികളാണ് ബജറ്റ് വിഭാവനം ചെയ്യുന്നതെന്നും വി.പ്രിയദർശിനി പറഞ്ഞു.
10,64,94,40,521 രൂപയാണ് ബജറ്റിൻ്റെ ആകെ അടങ്കൽ വരവ്. 10,59,30,63,678 രൂപയാണ് ആകെ അടങ്കൽ ചെലവ്. അഞ്ച് കോടി അറുപത്തി മൂന്ന് ലക്ഷത്തി എഴുപത്തി ആറായിരത്തി എണ്ണൂറ്റി നാല്പത്തി മൂന്ന് രൂപ മിച്ചം വരുന്ന ബജറ്റാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.പി മുരളിയാണ് ബജറ്റ് അവതരിപ്പിച്ചത്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഗ്രാമ, ബ്ലോക്ക് ജില്ലാ പഞ്ചായത്തിന്റേതായി 1,39,04,779 ദിനങ്ങൾ സൃഷ്ടിക്കുന്നതിന് 85,514.39 ലക്ഷം രൂപയുടെ ലേബർ ബജറ്റും അവതരിപ്പിച്ചു.
കൃഷി
കാർഷിക മേഖലയുടെ അടിസ്ഥാന സൗകര്യവികസനത്തിനായി 4 കോടി വകയിരുത്തി. പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടം – 55 ലക്ഷം, ചിറയിൻ കീഴ് സംസ്ഥാന വിത്തുല്പാദന കേന്ദ്രം- 15 ലക്ഷം, കേദാരം പദ്ധതി- ഒരു കോടി, കഴക്കൂട്ടം തെങ്ങിൻ തൈ ഉല്പാദന കേന്ദം-14 ലക്ഷം, ഉള്ളൂർ വിത്തുല്പാദന കേന്ദ്രം-9 ലക്ഷം എന്നിങ്ങനെയാണ് തുക വകയിരുത്തിയിരിക്കുന്നത്. അക്വാപോണിക്സ് കൃഷിക്കും ഹൈടെക് കൃതി രീതികൾക്കും വലിയ പ്രാധാന്യം നൽകും. കർഷരുടെ ഉത്പ്പന്നങ്ങൾക്ക് മികച്ച വില ഉറപ്പാക്കും. ഗുണമേന്മയുള്ള കറി പൗഡർ ഉത്പ്പന്നങ്ങളെ ട്രാവൻകൂർ പ്യുവർ എന്ന് ബ്രാൻഡ് ചെയ്യും.
വിളകൾക്ക് മികച്ച വില ഉറപ്പാക്കാൻ ജില്ലാ അഗ്രി-ലോജിസ്റ്റിക്സ് നെറ്റ് വർക്ക് “സമൃദ്ധി അഗ്രിലിങ്ക്” എന്ന പേരിൽ ഈ വർഷം നടപ്പിലാക്കും. ഫാം ഫെസ്റ്റിനായി 10 ലക്ഷം വകയിരുത്തി.
വിദ്യാഭ്യാസം
ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള സ്കൂളുകളുടെ വാർഷിക അറ്റകുറ്റപ്പണിക്ക് 50 ലക്ഷം വകയിരുത്തി. സ്കൂളുകളിൽ കുട്ടികൾക്കായി ജിംനേഷ്യം സ്ഥാപിക്കുന്നതിന് 1.40 കോടി നീക്കി വെച്ചു.
ആരോഗ്യം
ആരോഗ്യ മേഖലയ്ക്കായി 7 കോടി 80 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. സ്നേഹധാര-75 ലക്ഷം, ആശ്വാസ് പദ്ധതി-1.26 ലക്ഷം, കമ്മ്യൂണിറ്റി ഏർലി ഇന്റർവെൻഷൻ സെന്റർ-50 ലക്ഷം വകയിരുത്തി.
പട്ടം താണുപിള്ള ഹോമിയോ ആശുപത്രി-66 ലക്ഷം, വർക്കല ആയുർവേദ ആശുപത്രി-88 ലക്ഷം, നെയ്യാറ്റിൻകര ജനറൽ ആശുപത്രി-2.30 കോടി, പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രി-1.50 കോടി, നെടുമങ്ങാട് ജില്ലാ ആശുപത്രി-2.50 കോടി, വിതുര താലൂക്ക് ആശുപത്രി-56 ലക്ഷം എന്നിങ്ങനെ ബജറ്റിൽ തുക വിലയിരുത്തി.
പൊതുമരാമത്ത്
2026-27 സാമ്പത്തിക വർഷത്തിൽ സ്പിൽ ഓവർ പദ്ധതികൾ ഉൾപ്പെടെയുള്ള പദ്ധതികൾക്കായി 40 കോടി രൂപ വകയിരുത്തി. റോഡ് നവീകരണം, കെട്ടിട നവീകരണം, മറ്റ് നവീകരണ പ്രവർത്തനങ്ങൾ എന്നിവയാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്.
പാർപ്പിടം
പാർപ്പിട പദ്ധതിക്കായി 17 കോടി രൂപ ബജറ്റിൽ വകയിരുത്തി
മാലിന്യ നിർമ്മാർജ്ജനം
മാലിന്യമുക്ത നവകേരളം പദ്ധതിക്ക് രണ്ട് കോടി വകയിരുത്തി. നെട്ടുകാൽത്തേരി തുറന്ന ജയിലിൽ അഞ്ച് കോടി രൂപ ചെലവിൽ ഫേക്കൽ സ്ലഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മിക്കും. വർക്കല ആയുർവേദ ആശുപത്രിയിൽ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപ വകയിരുത്തി. പാഴ്ഭൂമികളെ ശാസ്ത്രീയ മാലിന്യ സംസ്കരണ കേന്ദ്രങ്ങളാക്കി മാറ്റും.
മൃഗസംരക്ഷണം
ചെറ്റച്ചൽ ജഴ്സി ഫാം, വിതുര ജഴ്സി ഫാം, പാറശ്ശാല പന്നിവളർത്തൽ കേന്ദ്രം എന്നിവിടങ്ങളിലെ വികസന പ്രവർത്തനങ്ങൾക്കായി ആറ് കോടി ചെലവഴിക്കും. പോർട്ടബിൾ എബിസിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്കായി 15 ലക്ഷം രൂപ നീക്കിവെച്ചു. ജില്ലാ പഞ്ചായത്ത് നിർമ്മിച്ച ചെമ്മരുതി എബിസി സെന്ററിന്റെ പ്രവർത്തനം ഈ വർഷം ആരംഭിക്കും. ഇവിടെ ഉപകരണങ്ങൾ വാങ്ങുന്നതിനും പ്രവർത്തനങ്ങൾക്കുമായി 50 ലക്ഷം വകയിരുത്തി. കുടപ്പനക്കുന്ന് മൾട്ടി സ്പെഷ്യാലിറ്റി മൃഗാശുപത്രി-25 ലക്ഷം, മൃഗസംരക്ഷണ പദ്ധതികൾ-4.78 കോടി, റാബിസ് മുക്ത തിരുവനന്തപുരം-10 ലക്ഷം, പേവിഷ നിർമ്മാർജ്ജനം-5 ലക്ഷം, എബിസി പ്രോഗ്രാം-5 ലക്ഷം, ഇ-വെറ്ററിനറി സേവനം-10 ലക്ഷം, എന്നിങ്ങനെയാണ് വകയിരുത്തിയിരിക്കുന്നത്. ജില്ലയിൽ മുട്ട സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി ചെറ്റച്ചൽ ഹാച്ചറി യൂണിറ്റിന് 5 ലക്ഷം രൂപ നൽകും.
ക്ഷീരവികസനം
ക്ഷീരസമൃദ്ധി പദ്ധതിയ്ക്ക് ഒരു കോടി അമ്പത് ലക്ഷം രൂപയും കാലിത്തീറ്റ സബ്സിഡി നൽകുന്നതിന് 50 ലക്ഷം രൂപയും വകയിരുത്തി.
മത്സ്യമേഖല
മത്സ്യമേഖലയ്ക്ക് ബജറ്റിൽ 93.50 ലക്ഷം രൂപയും മത്സ്യക്കുഞ്ഞ് നിക്ഷേപത്തിന് 5 ലക്ഷം രൂപയും കൂട് മത്സ്യകൃഷിയ്ക്ക് 25 ലക്ഷം രൂപയും വകയിരുത്തി. ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള മത്സ്യം ഉറപ്പാക്കുന്നതിന് ആധുനിക മൊബൈൽ മത്സ്യവിപണന യൂണിറ്റുകൾ ജില്ലയിൽ നടപ്പിലാക്കും. ഇതിനായി 50 ലക്ഷം രൂപ നീക്കിവെച്ചു.
വന്യജീവി സംരക്ഷണം
വനം വകുപ്പിന്റെ സഹകരണത്തോടെ വന്യജീവി സംരക്ഷണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കും.
പ്രാദേശിക സാമ്പത്തിക വികസനം
പ്രാദേശിക സാമ്പത്തിക വികസനത്തിന് 10 കോടി രൂപ ബജറ്റിൽ വകയിരുത്തി. അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമിക്കുന്ന വനിതാ സംരംഭകർക്കായി 3.50 കോടി രൂപ നൽകും. നെയ്ത്ത് അറിയുന്ന സ്ത്രീകൾക്ക് വിദഗ്ധ പരിശീലനം നൽകുന്നതിന് 4 ലക്ഷം രൂപയും നൽകും. കൈത്തറി സഹകരണ സംഘം-25 ലക്ഷം, പ്രവാസികളുടെ ഗ്രൂപ്പ് സംരംഭം-10 ലക്ഷം, കൈത്തറി സംഘങ്ങൾക്ക് സാധനസാമഗ്രികൾ-25 ലക്ഷം എന്നിങ്ങനെ അനുവദിച്ചു.
പട്ടികജാതി പട്ടിക വർഗ വികസനം
പട്ടികജാതി പട്ടിക വർഗ്ഗ വികസനത്തിന് 5 കോടി വകയിരുത്തി. പഠനമുറി പദ്ധതിയ്ക്ക് 3 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. വിവിധ കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് അപ്രന്റിസ്ഷിപ്പ് പദ്ധതിയ്ക്കും പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകാനും ആറ് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പാർപ്പിടത്തിന് 50 ലക്ഷം രൂപയും നൽകും.
വനിതാ വികസനം
വനിതകളുടെ ഉന്നമനത്തിനായി ആറ് കോടി 40 ലക്ഷം രൂപ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജാഗ്രതാസമിതിയ്ക്ക് 8 ലക്ഷം, ജ്വാല പദ്ധതിയ്ക്ക് 9 ലക്ഷം, സ്നേഹിത പദ്ധതിയ്ക്ക് 25 ലക്ഷം എന്നിങ്ങനെ വകയിരുത്തി.
സാമൂഹ്യനീതി
കൊറ്റാമം, വെഞ്ഞാറമൂട് അഗതിമന്ദിരങ്ങളിലെ താമസക്കാർക്കായി 5 ലക്ഷം അനുവദിച്ചു. സ്നേഹസ്പർശം പദ്ധതിയ്ക്ക് 3 കോടി 18 ലക്ഷം രൂപ വകയിരുത്തി.
വയോജന ക്ഷേമം
32 ലക്ഷം രൂപ വയോജന ക്ഷേമപ്രവർത്തനങ്ങൾക്ക് നൽകും. വയോജന കലാമേള നടത്തുന്നതിന് 4 ലക്ഷം നൽകും.
ട്രാൻസ്ജെൻഡർ ക്ഷേമം
ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ആശുപത്രികളിൽ ട്രാൻസ്ജെൻഡർ സൗഹൃദ ക്ലിനിക്കുകൾ ആരംഭിക്കും. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള തുടർചികിത്സകൾക്കും കൗൺസിലിങ്ങിനും പ്രത്യേക ഫണ്ട് നൽകും. മഴവില്ല് എന്ന പേരിൽ സമഗ്രതൊഴിൽ പദ്ധതി ബജറ്റിൽ വിഭാവനം ചെയ്തു. കറി പൗഡർ യൂണിറ്റുകളുടേയും ഡ്രൈഡ് വാല്യു അഡിഷൻ സെന്ററുകളുടേയും മാനേജ്മെന്റ് ചുമതല ട്രാൻസ്ജെൻഡർ സൊസൈറ്റികൾക്ക് നൽകും. ഇതിനായി 5 ലക്ഷം വകയിരുത്തി.
ലഹരി
ലഹരിയെ പ്രതിരോധിക്കുന്നതിനായി സ്കൂൾ തലത്തിൽ കൗൺസലിംഗ് കേന്ദ്രങ്ങളും ജാഗ്രതാ സമിതികളും സജ്ജമാക്കും.
ജില്ലാ പഞ്ചായത്ത് ഓഫീസ് നവീകരണം
ജില്ലാ പഞ്ചായത്ത് ഓഫീസ് നവീകരണത്തിനായി 50 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തി.
ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി വൈ.വിജയകുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ഗ്രാമീണ ടൂറിസം, ഫാം ടൂറിസം, ആയുർവേദ ടൂറിസം പദ്ധതികൾ വികസിപ്പിക്കും
ജില്ലയുടെ സമഗ്ര വികസനത്തിനും പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ ശക്തീകരണത്തിനുമായി വാർഷിക ബജറ്റിൽ ടൂറിസം മേഖലയ്ക്ക് ജില്ലാ പഞ്ചായത്ത് പ്രത്യേക മുൻഗണന നൽകി. പരിസ്ഥിതി സൗഹൃദ ഉത്തരവാദിത്ത ടൂറിസം മാതൃകയിൽ ഗ്രാമീണ ടൂറിസം, ഫാം ടൂറിസം, ആയുർവേദ ടൂറിസം പദ്ധതികൾ വ്യാപകമായി നടപ്പിലാക്കും.
ഗ്രാമീണ ടൂറിസം പദ്ധതിയിലൂടെ നാട്ടിൻപുറങ്ങളുടെ സ്വാഭാവിക ഭംഗിയും കാർഷിക സംസ്കാരവും ആഗോളതലത്തിൽ എത്തിക്കുകയാണ് ലക്ഷ്യം. സാധാരണ വീടുകളെ ഹോംസ്റ്റേകളാക്കി മാറ്റുക, പ്രാദേശിക ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുക, യുവാക്കൾക്കും കുടുംബശ്രീ അംഗങ്ങൾക്കും ടൂറിസ്റ്റ് ഗൈഡ് പരിശീലനം നൽകുക എന്നിവ പദ്ധതിയിൽ ഉൾപ്പെടും.
സൈക്കിൾ ടൂറുകൾ, തോണി യാത്ര, കൈത്തറി-കയർ ഉൽപ്പന്നങ്ങളുടെ പ്രദർശനം, ലൈവ് കുക്കിംഗ് അനുഭവം, നാട്ടുരുചി കഫേകൾ തുടങ്ങിയവയും പ്രധാന ആകർഷണങ്ങളായിരിക്കും. കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലുമായി സഹകരിച്ച് ഏകദിന-ദ്വിദിന ടൂറിസം പാക്കേജുകൾ തയ്യാറാക്കി ഗ്രാമീണ ടൂറിസം ഹബ്ബുകളെ ബന്ധിപ്പിക്കും.
ഫാം ടൂറിസം പദ്ധതിയിലൂടെ കൃഷിയെ ഒരു അനുഭവമാക്കി മാറ്റുകയും കർഷകർക്ക് അധിക വരുമാനം ഉറപ്പാക്കുകയും ചെയ്യും. വിനോദസഞ്ചാരികൾക്ക് വയലിൽ ഇറങ്ങി സമയം ചിലവഴിക്കാനും,‘പിക്ക് യുവർ ഓൺ’ രീതിയിൽ പച്ചക്കറികൾ സ്വന്തമായി പറിച്ചെടുക്കാനും അവസരം ഒരുക്കും. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള പെരിങ്ങമ്മല ജില്ലാ കൃഷി തോട്ടം ഫാം ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കാൻ 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
അതേസമയം തിരുവനന്തപുരം ജില്ലയെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ‘ഹീലിംഗ് ഡെസ്റ്റിനേഷൻ’ ആക്കി ഉയർത്തുന്നതിന് ആയുർവേദ ടൂറിസം പദ്ധതികളും ആരംഭിക്കും. വിഴിഞ്ഞം, കോവളം, വർക്കല തുടങ്ങിയ തീരദേശങ്ങളെയും പൊന്മുടി പോലുള്ള മലയോര മേഖലകളെ ഉൾപ്പെടുത്തി ആയുർവേദ അടിസ്ഥാനത്തിലുള്ള ആരോഗ്യ ടൂറിസം വികസിപ്പിക്കാൻ 10 ലക്ഷം രൂപ മാറ്റിവെച്ചിട്ടുണ്ട്.
കായിക രംഗത്തിന് വിപുലമായ പദ്ധതികൾ
ജില്ലാ പഞ്ചായത്തിന്റെ വാർഷിക ബജറ്റിൽ കായിക മേഖലയെ ശക്തിപ്പെടുത്താൻ സമഗ്രമായ പദ്ധതികൾ ആവിഷ്ക്കരിച്ചു. കായിക പദ്ധതികൾ വഴി ആരോഗ്യകരവും ലഹരിമുക്തവുമായ യുവതലമുറയെ രൂപപ്പെടുത്തുക എന്നതാണ് ബജറ്റിന്റെ പ്രധാന ലക്ഷ്യം.
‘സ്പോർട്സ് ഫോർ ഓൾ’ ലക്ഷ്യത്തോടെ ഗ്രാമീണ കായിക ഉന്നമനത്തിനായി 2 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് തലത്തിൽ ഗ്രാമീണ സ്പോർട്സ് ഹബ്ബുകൾ സ്ഥാപിച്ച് മൾട്ടി-പർപ്പസ് കോർട്ടുകൾ, ഓപ്പൺ ജിംനേഷ്യങ്ങൾ എന്നിവ ഒരുക്കും.
നാട്ടിൻപുറങ്ങളിലെ മൈതാനങ്ങൾ നവീകരിക്കുന്ന ‘കളിക്കളം’ പദ്ധതിക്ക് 50 ലക്ഷം രൂപയും, ദേശീയ-സംസ്ഥാന തലങ്ങളിൽ നേട്ടം കൈവരിക്കുന്ന പിന്നാക്ക വിഭാഗത്തിലെ കായികതാരങ്ങൾക്ക് ‘ലക്ഷ്യ സ്കോളർഷിപ്പ്’ പദ്ധതിയായി 5 ലക്ഷം രൂപയും വകയിരുത്തി.
രണ്ട് വർഷത്തിലൊരിക്കൽ ‘ഗ്രാമീണ ഒളിമ്പിക്സ്’ സംഘടിപ്പിക്കും. അംഗീകൃത ആർട്സ് & സ്പോർട്സ് ക്ലബ്ബുകൾക്ക് 50 ലക്ഷം രൂപയുടെ ഉപകരണസഹായവും നൽകും. കൂടാതെ, കായികതാരങ്ങൾക്ക് സ്പോർട്സ് കിറ്റുകളും ഔദ്യോഗിക ജേഴ്സികളും വിതരണം ചെയ്യുന്നതിനായി 10 ലക്ഷം രൂപയും മാറ്റിവെച്ചിട്ടുണ്ട്.
*‘കോച്ച് ഓൺ കോൾ’ പദ്ധതിക്ക് പ്രത്യേക ശ്രദ്ധ*
ഗ്രാമങ്ങളിലെ കുട്ടികൾക്ക് മികച്ച കായിക കഴിവുകൾ ഉണ്ടായിട്ടും, അവരെ ശരിയായ ദിശയിൽ നയിക്കാൻ ആവശ്യമായ വിദഗ്ധ പരിശീലകരുടെ അഭാവം പലപ്പോഴും പ്രകടമാണ്. ഈ സാഹചര്യം മറികടന്ന് ജില്ലയിലെ കുട്ടികളുടെ കായിക സ്വപ്നങ്ങൾക്ക് ഉറച്ച പിന്തുണ നൽകുന്നതിനാണ് ‘കോച്ച് ഓൺ കോൾ’ പദ്ധതി അവതരിപ്പിക്കുന്നത്.
നഗരങ്ങളിലെ അക്കാദമികളിൽ മാത്രം ലഭ്യമായ ഹൈടെക് പരിശീലനം ഇനി ഗ്രാമങ്ങളിലേക്കും എത്തും. ഇതിനായി കേരള സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് വിവിധ കായിക ഇനങ്ങളിൽ വൈദഗ്ധ്യമുള്ള പരിശീലകരുടെ പാനൽ രൂപീകരിക്കും.
സ്കൂളുകൾക്കും ക്ലബ്ബുകൾക്കും ആവശ്യാനുസരണം കോച്ചുമാരെ ബുക്ക് ചെയ്യാം. ഒരു കോച്ച് ഒരാഴ്ചയോ രണ്ടാഴ്ചയോ ഒരു കേന്ദ്രത്തിൽ താമസിച്ച് കുട്ടികൾക്ക് തീവ്രപരിശീലനം നൽകും. പരിശീലനത്തിനിടെ ഭക്ഷണക്രമം, ഫിറ്റ്നസ് പരിശീലനം, പരിക്ക് പ്രതിരോധം, മത്സര തയ്യാറെടുപ്പ് തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധ മാർഗനിർദ്ദേശം ലഭിക്കും.
പരിശീലനാനന്തരം കുട്ടികളുടെ പ്രകടനം വിലയിരുത്തുകയും, വീഡിയോ കോൾ വഴി തുടർനിർദേശങ്ങൾ നൽകുകയും ചെയ്യും. ആദ്യ ഘട്ടത്തിൽ നീന്തൽ പരിശീലനത്തിന് മുൻഗണന നൽകും. പദ്ധതിക്കായി പ്രാരംഭ ഘട്ടത്തിൽ 10 ലക്ഷം രൂപ വകയിരുത്തി.
ശ്രദ്ധേയമായി പുതിയ പദ്ധതികൾ
ജില്ലാ പഞ്ചായത്ത് ബജറ്റിൽ എല്ലാ മേഖലകളേയും ഉൾക്കൊള്ളുന്ന പുതിയ പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്.
- നീതിപഥം നിയമസാക്ഷരതാ പദ്ധതി
സമ്പൂർണ്ണ നിയമസാക്ഷരത എല്ലാവർക്കും ഉറപ്പാക്കുന്ന പദ്ധതി. എല്ലാവർക്കും നിയമസാക്ഷരത ഉറപ്പാക്കുന്നതിനായി ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കും. കുടുംബശ്രീ വഴി ആമുഖം ഉൾപ്പെടെയുള്ള ഭരണഘടനയുടെ ഭാഗങ്ങൾ പഠിപ്പിക്കും. സൈബർ നിയമങ്ങളെ സംബന്ധിച്ചും അവബോധം നൽകും. ഇതിനായി 10 ലക്ഷം വകയിരുത്തി.
- ഭൂമിക
പാഴ്ഭൂമികളെ ഉത്പാദനക്ഷമമായ ഇടങ്ങളാക്കി മാറ്റുന്നതാണ് ഭൂമിക പദ്ധതി. ഇതിനായി 25 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തി.
- പുഴയൊഴുകും ഗ്രാമം
ജി.ഐ.എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ജില്ലയിലെ മുഴുവൻ തോടുകളുടേയും പുഴകളുടേയും ഭൂപടം തയ്യാറാക്കി കയ്യേറ്റങ്ങൾ കണ്ടെത്തുന്നതിനും നീർത്തടഭൂപടം രൂപീകരിക്കുന്നതിനുമാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. ഇതിനായി 50 ലക്ഷം രൂപ വകയിരുത്തി. ജലസംരക്ഷണത്തിന് 2 കോടി രൂപയും സൗജന്യ മണ്ണ് പരിശോധനയ്ക്ക് 2 ലക്ഷം രൂപയും വകയിരുത്തി. തണ്ണീർത്തടങ്ങളുടെ പരിപാലനത്തിന് സവിശേഷമായ പദ്ധതികൾക്കും കുടിവെള്ള പദ്ധതികൾക്കും 30 ലക്ഷം രൂപ നൽകും.
- സാഗരതീരം
മത്സ്യമേഖലയിലെ സ്ത്രീകൾക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനാണ് സാഗരതീരം പദ്ധതി നടപ്പിലാക്കുന്നത്. സീസൺ അനുസരിച്ചുള്ള വരുമാന വ്യതിയാനം ഒഴിവാക്കി മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് വർഷം മുഴുവൻ വരുമാനം, പച്ചമീൻ വിപണിയിൽ ഡിമാന്റുള്ള ഉത്പന്നമാക്കി മാറ്റൽ, സ്ത്രീകൾക്ക് വീടിനോട് ചേർന്ന് അന്തസ്സുള്ള തൊഴിൽ സാഹചര്യം ഒരുക്കൽ എന്നിവയാണ് പദ്ധതിയുടെ സവിശേഷതകൾ. ഇതിനായി 40 ലക്ഷം രൂപ വകയിരുത്തി
- ഡിഗ്രി ഫോർ ഓൾ
ജില്ലയിലെ മുഴുവൻ യുവാക്കൾക്കും മുതിർന്നവർക്കും ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. ജില്ലയിലെ തുല്യതാ പരീക്ഷ പാസ്സായ എല്ലാവരേയും ബിരുദധാരികളാക്കുക എന്ന ദൗത്യമാണ് ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തിരിക്കുന്നത്. ഇതിലൂടെ ജില്ലയെ സമ്പൂർണ്ണ ബിരുദധാരികളുടെ ജില്ലയാക്കി മാറ്റും.
- ബ്രെയിൻ ഓഫ് തിരുവനന്തപുരം ക്വിസ് മത്സരം
കുട്ടികളുടെ സ്ക്രീൻ ടൈം കുറയ്ക്കുന്നതിനും അവരെ അറിവിന്റെ ലോകത്തേയ്ക്ക് കൈപിടിച്ച് ഉയർത്തുന്നതിനുമായി ഈ വർഷം മുതൽ നടപ്പിലാക്കുന്ന പദ്ധതി. ക്വിസ് മത്സരങ്ങൾക്കായി ഒരു ലക്ഷം രൂപ അനുവദിച്ചു.
വിദ്യാജ്യോതിയ്ക്ക് 27 ലക്ഷം രൂപയും ഗോടെക്ക് പദ്ധതിയ്ക് 25 ലക്ഷം രൂപയും ഗ്രന്ഥപ്പുര പദ്ധതിയ്ക്ക് 1 കോടി 16 ലക്ഷം രൂപയും, പ്രതിഭാസംഗമത്തിന് 30 ലക്ഷം രൂപയും ഈ ബജറ്റിൽ വകയിരുത്തി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് സിവിൽ സർവ്വീസ് പരിശീലനം നൽകുന്നതിന് 10 ലക്ഷം രൂപ വകയിരുത്തി.
ജില്ലയിലെ സർക്കാർ ഹൈസ്കൂളുകളിലെയും ഹയർ സെക്കണ്ടറികളിലെയും കമ്പ്യൂട്ടർ ലാബുകൾക്ക് ലാപ്ടോപ്പുകൾ നൽകുന്നതിന് 1.50 കോടി നൽകും.
- കൃഷിദീപം
ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി ശാസ്ത്രീയ രീതിയിലുള്ള ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ് എന്നിവയിൽ പരിശീലനം നൽകുന്ന പദ്ധതി. ഓരോ സ്കൂളിലും തദ്ദേശീയമായി വിത്തുകൾ ശേഖരിക്കാനും പരിപാലിക്കാനുമായി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സീഡ് ബാങ്കുകൾ സ്ഥാപിക്കും. സ്കൂൾ വളപ്പിലോ വീട്ടുമുറ്റത്തോ മികച്ച രീതിയിൽ കൃഷി നടത്തുന്ന വിദ്യാർത്ഥികൾക്കും സ്കൂളുകൾക്കും പ്രത്യേക പുരസ്കാരങ്ങൾ നൽകും. ഇതിനായി 10 ലക്ഷം വകയിരുത്തി.
- സ്നേഹശ്രീ
വിദ്യാർത്ഥികളിൽ സഹജീവികളോടുള്ള കരുണയും സാമൂഹികപ്രതിബദ്ധതയും വളർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതി. 4 ലക്ഷം രൂപ ഇതിനായി അനുവദിച്ചു.
- യോഗശ്രീ
യോഗ പരിശീലിപ്പിക്കുന്നതിന് ജില്ലാ പഞ്ചായത്ത് ആവിഷ്ക്കരിക്കുന്ന പദ്ധതി. ജില്ലയിലെ വീട്ടമ്മമാർക്കും വയോജനങ്ങൾക്കും കുട്ടികൾക്കും മാനസിക ഉൻമേഷവും ശാരീരിക ആരോഗ്യവും ഉറപ്പാക്കുന്നു. 10 ലക്ഷം രൂപ അനുവദിച്ചു.
- സൗരശ്രീ
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്കും പട്ടികജാതി കുടുംബങ്ങൾക്കും വേണ്ടിയുള്ള സോളാർ പദ്ധതിയാണ് സൗരശ്രീ. 90 ശതമാനം സബ്സിഡി നിരക്കിൽ അനർട്ടുമായി ചേർന്നാണ് ഗാർഹിക സോളാർ പ്ലാന്റുകൾ സ്ഥാപിച്ചു നൽകുന്നത്. ഇതിനായി 50 ലക്ഷം രൂപ ചെലവഴിക്കും.
ഊർജ്ജ സംരക്ഷണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിന് ഒരു കോടി വകയിരുത്തി.


