
ആറ്റിങ്ങൽ : കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടർന്ന് കച്ചേരിനടയിലെ ബിവറേജസ് ഔട്ട്ലെറ്റിലേക്ക് പോകുന്ന റോഡിൽ 50 മീറ്ററോളം നീളത്തിൽ വെള്ളക്കെട്ടുണ്ടായി.
തറയോടു പാകിയ വീതി കുറഞ്ഞ റോഡിൻ്റെ വശത്ത് ഓട നിർമ്മിക്കുന്നതിൻ്റെ സാങ്കേതിക തടസ്സം കാരണം റോഡിൽ എത്തുന്ന മഴവെള്ളം ദേശീയപാതയിലെ ഓടയിലേക്ക് ഒഴുക്കി വിടുന്ന രീതിയിലായിരുന്നു നിർമ്മാണം.
എന്നാൽ കഴിഞ്ഞ മാസം ആലംകോട് കൊച്ചുവിളമുക്ക് മുതൽ മാമം വരെയുള്ള ഭാഗത്തെ ദേശീയപാതയിൽ റീ ടാറിംഗ് നടത്തിയതു കാരണം, പ്രധാന റോഡിൻ്റെ ഉയരം കൂടുകയും ഇതോടെ ഇടറോഡിൽ നിന്നെത്തുന്ന വെള്ളം ഒടയിലേക്ക് എത്തുന്നതും തടസ്സപ്പെട്ടു.
റോഡിലൂടെയുള്ള കാൽനടയാത്ര ദുസ്സഹമാണെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് ചെയർപേഴ്സൺ എം.പ്രദീപും വാർഡ് കൗൺസിലർ പി.എസ്. കിരണും ശുചീകരണ തൊഴിലാളികളുമായി വൈകിട്ട് 6 മണിയോടെ സ്ഥലത്തെത്തി വെള്ളക്കെട്ടിന് പരിഹാരം കാണുകയായിരുന്നു.
നടപ്പാതയിൽ സ്ഥാപിച്ചിരുന്ന തറയോട് ഇളക്കിമാറ്റി 3 അടിയോളം ആഴത്തിൽ കുഴിച്ച് ഓടയുടെ പ്രധാന സ്ലാബു കണ്ടെത്തി. ഡ്രില്ലിംഗ് മെഷീനുപയോഗിച്ച് സ്ലാബ് തുരന്നശേഷം വെള്ളം ഒഴുക്കിവിട്ടു.
ഉടൻതന്നെ പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് മാൻഹോളുകൾ സ്ഥാപിച്ച് റോഡിൻ്റെ ഡ്രൈനേജ് സംവിധാനത്തിന് ശാശ്വതമായി പരിഹാരം കാണുമെന്ന് അധ്യക്ഷൻ എം.പ്രദീപ് അറിയിച്ചു.


