
വർക്കല :വർക്കല താലൂക്ക് ലൈബ്രറി കൗൺസിൽ ‘പാവങ്ങളുടെ നൂറാം വർഷ വായന’യ്ക്ക് ഒരു സെമിനാർ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 28 ന് വൈകിട്ട് 3.30 ന് വർക്കല മൈതാനിയിൽ സംഘടിപ്പിക്കുന്ന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദശിനി ഉദ്ഘാടനം നിർവഹിക്കും.
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ കാലികമായ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി സെമിനാറുകൾ നടത്തിവരുകയാണ്. വിശപ്പും പട്ടിണിയും ദാരിദ്ര്യവും ഉഴുതു മറിച്ച ചതുപ്പു നിലങ്ങളിൽ സ്വേച്ഛാധിപത്യ അധികാര ഘടനയുടെ അതിതീവ്രമായ വിദ്വേഷവും വെറിയും ഉന്മാദവും കൂട്ടമരണങ്ങളുടെ, കഷ്ടപ്പാടുകളുടെ, താരതമ്യമില്ലാത്ത യാതനകളിൽ മുക്കിതാഴ്ത്തുമ്പോൾ പിടയുന്ന മനുഷ്യരുടെ ചരിത്രവും വിമോചനത്തിന്റെ തിരിച്ചറിവും രക്തസാക്ഷ്യങ്ങളും മുന്നേറ്റവും കാരുണ്യവും സർവ്വോപരി മാനവികതയുടെ സമസ്തഭാവവും ഉള്ളടക്കം ചെയ്യപ്പെട്ട ഒരു കൃതിയേ ഇതുവരെ ലോകത്തിൽ പിറവിയെടുത്തിട്ടുള്ളൂ. ഫ്രഞ്ച് ഭാഷയിൽ 1826 ൽ രചിക്കപ്പെട്ട ലാ മിറാബൈൽ എന്ന നോവൽ.
മഹാനായ വിക്ടർ ഹ്യൂഗോവിനാൽ ഉപഹാരിക്കപ്പെട്ട ഈ മഹത്കൃതി മലയാളിയുടെ വായനാ നുഭവങ്ങളിൽ വിസ്ഫോടനം സൃഷ്ടിച്ച “പാവങ്ങൾ” എന്ന നാലപ്പാട്ട് നാരായണമേനോന്റെ പരിഭാഷയ്ക്ക് 2026 ൽ 100 വയസ്സ് തികഞ്ഞു.
നിത്യയൗവ്വനമായി പാവങ്ങൾ ജനാധിപത്യ സങ്കൽപങ്ങൾ ഉറപ്പിച്ച് നിന്ദിതർക്കും, പീഡിതർക്കും, അദ്ധ്വാനിക്കുന്നവർക്കും, അനാഥകർക്കും, വിപ്ലവകാരികൾക്കും വേണ്ടി മനുഷ്യപക്ഷ ശബ്ദമായി വിക്ടർ ഹ്യൂഗോവിൻ്റെ പാവങ്ങൾ നക്ഷത്ര ദീപ്തിയാക്കുന്നു. പാവങ്ങളുടെ 100-ാം വർഷ വായന മാനവികതയുടെ പുനർചിന്തയും പാഠവുമാണ്.
പാവങ്ങളുടെ നൂറാം വർഷ വായന’യ്ക്ക് ഒരു സെമിനാറിൽ താലൂക്ക് പ്രസിഡൻ്റ് എ. ഷിഖാൻ പകൽക്കുറി അദ്ധ്യക്ഷത വഹിക്കും. താലൂക്ക് സെക്രട്ടറി ജി. എസ്. സുനിൽ സ്വാഗതം ആശംസിക്കും.
സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ.വള്ളിക്കാവ് മോഹൻദാസ് വിഷയാവതരണം നടത്തും.ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ.എസ്.വിനോദ് വായനാമത്സര വിജയികൾക്ക് സമ്മാന വിതരണം നിർവഹിക്കും. സ്റ്റേറ്റ് കൗൺസിൽ അംഗം റ്റി. എൻ. ഷിബുതങ്കൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം പ്രിയങ്ക ബിറിൽ തുടങ്ങിയവർ പങ്കെടുക്കും. താലൂക്ക് വൈസ് പ്രസിഡന്റ് എസ്. ബാബു നന്ദി രേഖപ്പെടുത്തും.
സെമിനാറിൽ വച്ച് താലൂക്ക് തലത്തിൽ നടത്തിയ ഹൈസ്കൂൾ വായന മത്സരം, മുതിർന്നവരുടെ വായന മത്സരം (വിഭാഗം 1, 2) വനിത വായന മത്സരം, യു.പി.വായന മത്സരം എന്നിവയിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നു.


