
പശ്ചിമതീര ജലപാതയുടെ ഒന്നാം ഘട്ടം പൂർത്തിയായി
സംസ്ഥാനത്തെ ഉൾനാടൻ ജലഗതാഗത രംഗത്ത് വൻ കുതിച്ചുചാട്ടമേകി പശ്ചിമതീര ജലപാതയുടെ ഒന്നാം ഘട്ടം പൂർത്തിയായി. ഇതിന്റെ ഭാഗമായി തിരുവനന്തപുരം കഠിനംകുളം പഞ്ചായത്തിലെ പാർവ്വതി പുത്തനാറിന് കുറുകെ പുനർനിർമ്മിച്ച സെന്റ് ആൻഡ്രൂസ് പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
ജലപാതയുടെ നിലവാരം ഉയർത്തുന്നതിനും ജലഗതാഗതം സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടാണ് സെൻ്റ് ആൻഡ്രൂസ് പാലം പുനർനിർമ്മിച്ചിരിക്കുന്നത്. ഈ പാലം യാഥാർത്ഥ്യമായതോടെ പ്രദേശത്തെ ജലപാത വഴിയുള്ള ചരക്ക്-വിനോദസഞ്ചാര മേഖല വികസിപ്പിക്കുന്നതോടൊപ്പം നിർമ്മിച്ചിരിക്കുന്ന പാലം സംസ്ഥാന ഗതാഗതത്തിന് പുതിയൊരു പാത കൂടിയാവുകയാണ്. പാലത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ഇരുവശങ്ങളിലുമായി 24 പൈലുകൾ വീതം നൽകിക്കൊണ്ടുള്ള ശക്തമായ പൈൽ ഫൗണ്ടേഷനാണ് ഉപയോഗിച്ചിരിക്കുന്നത്.
ആക്കുളം മുതൽ ചേറ്റുവ വരെയുള്ള 280 കിലോമീറ്റർ ജലപാതയുടെ നവീകരണമാണ് ഇതോടെ പൂർത്തിയായത്. ദേശീയ ജലപാതാ നിലവാരത്തിൽ നിർമ്മിച്ച ഈ പാലം പ്രദേശം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ വികസന പദ്ധതികളിൽ ഒന്നാണ്. പാലത്തിന്റെ നിർമ്മാണത്തിനായി 12.75 കോടി രൂപയും, സ്ഥലമേറ്റെടുക്കുന്നതിനായി ഏകദേശം1.5 കോടി രൂപയുമാണ് വിനിയോഗിച്ചത്.
കനാലിലെ നീരൊഴുക്കിന് തടസ്സമില്ലാത്ത രീതിയിൽ ‘പ്രീ സ്ട്രെസ്സ്ഡ് സിംഗിൾ സ്പാൻ കോൺക്രീറ്റ് ബ്രിഡ്ജ്’ ആയിട്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 11.23 മീറ്റർ വീതിയുള്ള പാലത്തിൽ ഇരുവശങ്ങളിലേക്കും ഒരേസമയം വാഹനങ്ങൾക്ക് സഞ്ചരിക്കാൻ സൗകര്യമുണ്ട്.റോഡിന്റെ സുരക്ഷയ്ക്കായി നിർമ്മിച്ച ഭിത്തിയോട് ചേർന്ന് ജിയോ സിന്തറ്റിക് ഫിൽട്ടർ മീഡിയ സ്ഥാപിച്ചിട്ടുണ്ട്. ഇത് മണ്ണൊലിപ്പ് തടയാനും ഡ്രെയിനേജ് സുഗമമാക്കാനും സഹായിക്കുന്നു.
പ്രദേശ വാസികൾക്കും, സന്ദർശകർക്കും, മത്സ്യത്തൊഴിലാളികൾക്കും സമീപ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഈ പാലം വലിയ യാത്രാസൗകര്യമാണ് ഒരുക്കുന്നത്. ജലപാത വഴി ചരക്ക്-വിനോദസഞ്ചാര ഗതാഗതം സജീവമാകുന്നതോടെ പ്രദേശത്തിന്റെ സാമ്പത്തിക മേഖലയിലും വലിയ മാറ്റങ്ങൾ സാധ്യമാകും.
സെൻ്റ് ആൻഡ്രൂസ് പാലത്തിന് സമീപം നടന്ന ചടങ്ങിൽ വി. ശശി എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോളി പത്രോസ്, കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് ജോസ് നിക്കോളാസ്,ഉൾനാടൻ ജലഗതാഗത വകുപ്പ് അസിസ്‌റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അശ്വതി എസ് തുടങ്ങിയവർ പങ്കെടുത്തു.


