
കിളിമാനൂർ: മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ അയച്ച വ്യാജ സന്ദേശ ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്ന് വസ്ത്ര വ്യാപാരിയിൽ നിന്ന് 15 ലക്ഷത്തിലധികം രൂപ സൈബർ തട്ടിപ്പിലൂടെ കവർന്നതായി പരാതി. കിളിമാനൂർ സ്വദേശി മുഹമ്മദ് അനസിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് 15,59,383 രൂപ നഷ്ടമായത്.
ഫെബ്രുവരി ആദ്യവാരം, വാഹനത്തിന് മൂന്ന് പെറ്റിയുണ്ടെന്നും ഉടൻ അടച്ചാൽ പിഴ ഒഴിവാക്കാമെന്നും അറിയിച്ച് മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ സന്ദേശവും ലിങ്കും ലഭിച്ചു. വാഹനത്തിന് പെറ്റിയുണ്ടായിരുന്ന സാഹചര്യത്തിൽ അനസ് ലിങ്കിൽ ക്ലിക്ക് ചെയ്തു. തുടർന്ന് തുറന്ന വെബ്സൈറ്റിൽ വാഹനത്തിന്റെ വിവരങ്ങൾ നൽകാൻ ശ്രമിച്ചെങ്കിലും പ്രക്രിയ പൂർത്തിയാക്കാനായില്ല.
ഫെബ്രുവരി 7-ന് ബിസിനസ് ആവശ്യത്തിനായി വിദേശത്തേക്ക് പോയ അനസ്, അവിടെവെച്ച് തന്റെ രണ്ട് മൊബൈൽ നമ്പറുകളുടെയും സിഗ്നൽ നഷ്ടപ്പെട്ടതായി ശ്രദ്ധിച്ചു. ഫെബ്രുവരി 13-ന് നാട്ടിലെത്തിയ ശേഷം നടത്തിയ അന്വേഷണത്തിലാണ് സിം കാർഡുകൾ പോർട്ട് ചെയ്തതായി മനസ്സിലായത്.
സംശയം തോന്നിയ വ്യാപാരി ബാങ്കിലെത്തി പരിശോധന നടത്തിയപ്പോൾ, വിവിധ ദിവസങ്ങളിലായി വിവിധ അക്കൗണ്ടുകളിലേക്ക് ലക്ഷക്കണക്കിന് രൂപ പിൻവലിച്ചതായി കണ്ടെത്തി. തുടർന്ന് സൈബർ പൊലീസിൽ പരാതി നൽകി.
ഉടമയുടെ ബയോമെട്രിക് വിവരങ്ങൾ ഉപയോഗിക്കാതെയാണ് മൊബൈൽ നമ്പർ പോർട്ട് ചെയ്തതെന്ന കാര്യത്തിൽ ദുരൂഹത നിലനിൽക്കുന്നതായി പരാതിയിൽ പറയുന്നു.
അനസ് രണ്ട് മൊബൈൽ നമ്പറുകളും അതുമായി ബന്ധിപ്പിച്ച രണ്ട് വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളും ഉപയോഗിക്കുന്നുണ്ട്. രണ്ട് സിം കാർഡുകളിൽ ഒരെണ്ണം മാത്രമാണ് തട്ടിപ്പുകാർ പോർട്ട് ചെയ്തത്. മറ്റൊന്ന് തടയാനായതിനെ തുടർന്ന് കൂടുതൽ സാമ്പത്തിക നഷ്ടം ഒഴിവാക്കാനായതായി ബന്ധപ്പെട്ടവർ അറിയിച്ചു.


