
ആറ്റിങ്ങൽ : ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എച്ച് പി വി വാക്‌സിനേഷൻ ആരംഭിച്ചു. സ്ത്രീകളിൽ വർദ്ധിച്ചു വരുന്ന സെർവിക്സ് ക്യാൻസർ തടയുന്നതിന്റെ ഭാഗമായി 14 വയസ് പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും എച്ച്പിവി വാക്‌സിനേഷൻ നൽകാൻ സംസ്ഥാന ആരോഗ്യ വകുപ്പ് നിർദേശം നൽകിയിരുന്നു. ദേശീയ വാക്‌സിനേഷൻ ക്യാമ്പയിനിന്റെ ഭാഗമായാണ് 14 വയസ് പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും ഇപ്പോൾ വാക്സിൻ നൽകുന്നത്.
വാക്സിൻ രജിസ്റ്റർ ചെയ്യുന്നതിന് വാർഡിലെ ആരോഗ്യപ്രവർത്തകരായിട്ടുള്ള ആശാവർക്കർമാരെ അറിയിക്കേണ്ടതാണ്. വലിയകുന്ന് ആശുപത്രിയിൽ ഞായർ ഒഴികെ തിങ്കൾ മുതൽ ശനി വരെ എല്ലാ ദിവസവും രാവിലെ 9 മണി മുതൽ ഒരു മണി വരെ വാക്‌സിൻ നൽകുന്നതാണ്. ആധാർ കാർഡ്,ആധാർ കാർഡ് ലിങ്ക് ചെയ്ത ഫോൺ നമ്പറുമായി രക്ഷകർത്താവ് കുട്ടിയെ കൊണ്ട് വരേണ്ടതാണ്.
മെഡിക്കൽ ഓഫീസർ ഡോക്ടർ പ്രീത സോമന്റെ നേതൃത്വത്തിൽ 16 കുട്ടികൾക്ക് ഇന്ന് വാക്സിൻ നൽകി. കൂടാതെ വാക്സിനേഷൻ സർട്ടിഫിക്കറ്റും കൈമാറി. പീഡിയാട്രിക് വിഭാഗം ഡോക്ടർ മഞ്ജു വാക്സിന്റെ ഗുണങ്ങളെ കുറിച്ച് ബോധവൽക്കരണം നൽകി. ഗൈനക്കോളജി വിഭാഗം ഡോക്ടർ ഗീത വേണുഗോപാൽ, ഡോക്ടർ രാഹിത ജി, ജെ പി എച്ച് എൻമാർ ആശാവർക്കർ മറ്റ് ആരോഗ്യ പ്രവർത്തകർ പങ്കെടുത്തു.
14 വയസ് പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും മൂന്ന് മാസത്തിനകം ഒറ്റ ഡോസ് വാക്‌സിൻ നൽകാനാണ് തീരുമാനിച്ചരിക്കുന്നത്. തുടർന്ന് ദേശീയ പ്രതിരോധകുത്തിവയ്പ്പ് പട്ടികയിൽ ഉൾപ്പെടുത്തി വരുന്ന വർഷങ്ങളിൽ 14 വയസ് പൂർത്തിയാക്കുന്ന മുറയ്ക്ക് എല്ലാ പെൺകുട്ടികൾക്കും വാക്‌സിൻ നൽകി ഭാവിയിൽ എല്ലാ പെൺകുട്ടികളെയും സ്ത്രീകളെയും ഗർഭാശയഗള കാൻസറിൽ നിന്ന് സംരക്ഷിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും 14 വയസുള്ള പെൺകുട്ടികൾക്ക് സൗജന്യമായി എച്ച്പിവി വാക്സിൻ നൽകും. 14 വയസുള്ള പെൺകുട്ടികൾക്ക് എച്ച്.പി.വി വാക്സിൻ ലഭിക്കുന്നതിന് U-WIN പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയോ നേരിട്ട് ആരോഗ്യകേന്ദ്രത്തിലെത്തുകയോ ചെയ്യാം. https://uwin.mohfw.gov.in/home എന്ന വെബ്സൈറ്റിൽ രജിസ്ട്രേഷൻ സൗകര്യം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തെയോ ആരോഗ്യ പ്രവർത്തകരെയോ ആശാ പ്രവർത്തകരെയോ സമീപിക്കാം.


