
നഗരൂർ : നഗരൂരിൽ രണ്ടു പേരെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. നഗരൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ ചെമ്മരുത്തുമുക്കിൽ കോണത് വീട്ടിൽ കൊച്ചുണ്ണി (60), മകൻ അഖിൽ (32) എന്നിവരെയാണ് കിളിമാനൂർ ചെങ്കിക്കുന്ന് ബ്ലോക്ക് ഓഫീസിനു സമീപത്തെ വയലിലെ നീർച്ചാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുറിയടുത്തു മഠത്തിന്റെ കൈവശമുള്ള വയലിലാണ് ഇരുവരെയും ഇന്ന് രാവിലെ മരിച്ച നിലയിൽ കാണപ്പെട്ടത്. നല്ല രീതിയിൽ കൃഷി നടന്നു വരുന്ന വയലിൽ രാവിലെ കാര്യസ്ഥൻ വന്നു നോക്കുമ്പോളാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടതെന്നാണ് വിവരം.
ഇവിടെ കാർഷിക വിളകൾ നശിപ്പിക്കുന്നതിനാൽ പന്നിയെ പ്രതിരോധിക്കുന്നതിന് വേണ്ടി വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. ഇതിൽ നിന്ന് ഷോക്കേറ്റതാവാം മരണകാരണമെന്നാണ് പ്രാഥമിക വിവരം.
കൊച്ചുണ്ണി തെങ്ങു കയറ്റ തൊഴിലാളിയും മകൻ അഖിൽ കൂലി വേല തൊഴിലാളിയുമാണ്. ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. നഗരൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.
കൊച്ചുണ്ണിയുടെ ഭാര്യ അംബിക
കൊച്ചുണ്ണിക്ക് അഖിലിനെ കൂടാതെ ഒരു മകളുണ്ട്, അതുല്യ
അഖിലിന്റെ ഭാര്യ ചിന്നു
അഖിലിന്റെ മക്കൾ : അഖിലേഷ്, ആഥേഷ്


