
അഞ്ചുതെങ്ങ്: താഴമ്പള്ളിയിൽ റോഡരികിലെ വീട്ടിലേക്ക് വാഹനം ഇടിച്ചുകയറി അപകടം. ഇന്ന് ഉച്ചയ്ക്ക് രണ്ടര മണി കഴിഞ്ഞാണ് സംഭവം.
വർക്കല ഭാഗത്തുനിന്ന് തീരദേശപാതയിലൂടെ തിരുവനന്തപുരത്തേക്ക് സഞ്ചരിച്ചിരുന്ന മഹേന്ദ്ര താർ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
താഴമ്പള്ളി പുതുവൽ സ്വദേശിയായ ജോയ് ലോറൻസിന്റെ വീട്ടിലേക്കാണ് വാഹനം ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ വീടിന്റെ കിടപ്പുമുറിയുടെ ചുവരുകൾ തകർന്നു. കട്ടിലിൽ ഉറങ്ങിക്കിടന്നിരുന്ന ജോർജ് ലോറൻസിനു പരിക്കേറ്റു. തകർന്ന ചുവരുകളുടെ ഭാഗങ്ങൾ ശരീരത്തിലേക്ക് പതിച്ചതായാണ് വിവരം.
ജോർജിനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന സൂചന.
തിരുവനന്തപുരം ആറ്റുകാൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടത്. അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി തുടർ നടപടികൾ സ്വീകരിച്ചു


